ഇറാനിലെ ജനകീയ പ്രതിഷേധം; വീണ്ടും വെടിയുതിർത്ത് സുരക്ഷാസേന

ഇറാൻ: ജനകീയ പ്രതിഷേധം തുടരുന്ന ഇറാനിൽ സുരക്ഷാ സേന വീണ്ടും പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തു. പടിഞ്ഞാറൻ നഗരമായ മഹാബാദിൽ നടന്ന വെടിവയ്പ്പിൽ 2 സ്ത്രീകളും, ഒരു പുരുഷനും ഉൾപ്പെടെ 3 പ്രതിഷേധക്കാർ കൊല്ലപ്പെട്ടെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട ഒരാളുടെ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവർ സർക്കാർ ഓഫീസ് ആക്രമിച്ചെന്നാണ് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മറ്റൊരു പടിഞ്ഞാറൻ നഗരമായ ഖൊറാമ്മാബാദിലെ ശ്മശാനത്തിന് സമീപമുണ്ടായ വെടിവെപ്പിൽ 8 പേർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍റർനാഷണൽ റിപ്പോർട്ട് ചെയ്തു. ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാൻ മത പൊലീസ് അറസ്റ്റ് ചെയ്ത 22 കാരിയായ മഹ്സ അമിനിക്ക് കസ്റ്റഡിയിൽ വച്ച് മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. ഇതിനെ തുടർന്ന് ഇറാനിൽ നടന്ന പ്രക്ഷോഭങ്ങളിൽ 250 ലധികം പേർ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക കണക്ക്. പ്രതിഷേധത്തിൽ ഇതുവരെ ആയിരത്തിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളുടെ അജണ്ട അനുസരിച്ചാണ് പോരാട്ടം നടക്കുന്നതെന്ന് തുടക്കം മുതൽ ഇറാൻ ഭരണകൂടം വാദിച്ചിരുന്നു. ജനാധിപത്യ സമരത്തെ അടിച്ചമർത്തുന്നതിനെതിരെ ബ്രിട്ടനും അമേരിക്കയും ഇറാനെതിരെ കൂടുതൽ ഉപരോധങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യയ്ക്ക് ആയുധങ്ങൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനെതിരെ യൂറോപ്യൻ യൂണിയനും കൂടുതൽ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.

Related Posts