ജനകീയാസൂത്രണവും വിദ്യാർത്ഥി പങ്കാളിത്തവും: വികസന പങ്കാളികളാവാൻ കോളേജുകളും
ജില്ലയിൽ വികേന്ദ്രീകൃതാസൂത്രണ പ്രക്രിയയിൽ ആർട്‌സ് ആന്റ് സയൻസ് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ജില്ലയിലെ ആർട്‌സ് ആന്റ് സയൻസ് കോളേജുകളുടെ യോഗം ചേർന്നു. ജില്ലാ ആസൂത്രണ ഭവൻ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ജനകീയാസൂത്രണ പദ്ധതിയിൽ ജനകീയ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 18 വയസിന് മുകളിലുള്ള കലാലയ വിദ്യാർത്ഥികളുടെ പ്രാതിനിധ്യം ഉറപ്പു വരുത്തേണ്ടതിന്റെ ആവശ്യകത യോഗം ചർച്ച ചെയ്തു. ജനകീയാസൂത്രണ പദ്ധതിയെ കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്തുക, ജനകീയാസൂത്രണത്തിൽ വികസന ചരിത്രത്തെക്കുറിച്ച് കുട്ടികളിൽ അറിവ് പകർത്തുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടക്കുന്ന പരിപാടികളിൽ വിദ്യാർത്ഥികളുടെ കഴിവ് പരമാവധി പ്രയോജനപ്പെടുത്തുക എന്നതിനെ കുറിച്ചും യോഗം ചർച്ച ചെയ്തു.
ജനപ്രതിനിധികൾ പങ്കെടുക്കുന്ന എല്ലാ ഗ്രാമസഭകളിലും വിദ്യാർത്ഥികളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ പറഞ്ഞു. സമൂഹത്തിൽ ഉണ്ടാകുന്ന ഏത് പ്രതിസന്ധി ഘട്ടത്തിലും മുന്നോട്ട് വരുന്ന കുട്ടികളുടെ ആവേശവും ഊർജ്ജവും എടുത്തു പറയേണ്ടതാണ്. കുട്ടികളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് അവർ മുഖേന തന്നെ പരിഹാരം കാണാൻ സാധിക്കും. ഇതിനായി സർവേകൾ ഏർപ്പെടുത്തണമെന്നും വിദ്യാർത്ഥികൾ രൂപപ്പെടുത്തുന്ന സ്റ്റാർട്ട് അപ്പുകൾ പോലുള്ള സാങ്കേതിക സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും കലക്ടർ പറഞ്ഞു.
കോളേജ് തലത്തിൽ വികേന്ദ്രീകൃതാസൂത്രണം സംബന്ധിച്ച ബോധവൽക്കരണ പരിപാടികൾ, പ്രാദേശിക വികസനത്തിനുള്ള പ്രൊജക്ട് വർക്കുകൾ, കിലയുടെ സഹായത്തോടെയുള്ള പരിശീലന പരിപാടികൾ തുടങ്ങി വിവിധ പ്രവർത്തനങ്ങളിലൂടെ പ്രാദേശിക വികസനത്തിൽ പങ്കാളികളാകാൻ കോളേജുകൾക്ക് സാധിക്കുമെന്ന്
വിവിധ കോളേജ് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. പദ്ധതി പ്രവർത്തനങ്ങളിൽ സംഘടിതമായ കോളേജ് അധ്യാപക- വിദ്യാർത്ഥി പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ജില്ലാതലത്തിൽ പ്രമുഖ കോളേജുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു പത്തംഗ കോർ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. തുടർപ്രവർത്തനങ്ങളും പരിപാടികളും ചർച്ച ചെയ്യുന്നതിനായി കിലയിൽ യോഗം ചേരാനും തീരുമാനിച്ചു.
ജില്ലാ കലക്ടർ ഹരിത വി കുമാർ, ജില്ലാ ആസൂത്രണ സമിതി ഗവ.നോമിനി ഡോ.എം എൻ സുധാകരൻ, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റർ അനൂപ് കിഷോർ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ കെ ശ്രീലത, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ ബാബുകുമാർ പി ബി, കില ഡയറക്ടർ ഡോ.ജോയ് ഇളമൺ, അധ്യാപകർ, വിദ്യാർത്ഥികൾ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാർ എന്നിവർ പങ്കെടുത്തു.