പോണ്‍ സൈറ്റുകൾ പ്രായം സ്ഥിരീകരിക്കണം; പുതിയ നിയമം വരുന്നു
യുകെയിൽ ലഭ്യമായ പോൺ സൈറ്റുകൾ അവരുടെ ഉപഭോക്താക്കളുടെ പ്രായം സ്ഥിരീകരിക്കണമെന്ന് നിയമം വരുന്നു. അശ്ലീല ഉള്ളടക്കങ്ങളിൽ നിന്ന് കുട്ടികൾക്ക് സംരക്ഷണം നൽകുകയെന്ന മുഖ്യ ലക്ഷ്യത്തോടെയാണ് ഓൺലൈൻ സേഫ്റ്റി ബില്ലിന്റെ കരട് തയ്യാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് 18 വയസും അതിന് മുകളിൽ പ്രായമുള്ളവരും പോൺ സൈറ്റ് സന്ദർശിക്കുമ്പോൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ മറ്റ് തേഡ് പാർട്ടി സേവനങ്ങൾ ഉപയോഗിച്ചോ അവരുടെ പ്രായം സ്ഥിരീകരിക്കേണ്ടി വരും. പുതിയ ഇന്റർനെറ്റ് സുരക്ഷാ നിയമങ്ങൾക്ക് കീഴിലാണ് പുതിയ നിബന്ധന. ഇത് പാലിക്കാത്ത വെബ്സൈറ്റുകൾ അവരുടെ ആഗോള വരുമാനത്തിന്റെ പത്ത് ശതമാനം പിഴയായി നൽകേണ്ടി വരും. ഇന്റർനെറ്റ് ഉപഭോക്താക്കളുടെ സുരക്ഷയാണ് നിയമം ലക്ഷ്യമിടുന്നത്. മാസങ്ങൾക്കുള്ളിൽ ഓൺലൈൻ സേഫ്റ്റി ബിൽ പാർമെന്റിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പോൺ സൈറ്റുകളിൽ ഉപഭോക്താക്കളുടെ പ്രായം സ്ഥിരീകരിക്കാനുള്ള സംവിധാനം വേണമെന്ന് കുട്ടികളുടെ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന സംഘടനകൾ ഏറെ കാലമായി ആവശ്യപ്പെടുന്നതാണ്. ഇതുപോലെയൊരു നീക്കം നേരത്തെയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നെങ്കിലും അത് പിന്നീട് ഒഴിവാക്കുകയായിരുന്നു. 2017 ൽ ഡിജിറ്റൽ എക്കോണമി ആക്ടിന് കീഴിലാണ് പോൺ സൈറ്റുകളിൽൽ പ്രായം സ്ഥിരീകരിക്കണമെന്ന നിർദേശം വന്നത്. എന്നാൽ സർക്കാർ അത് നടപ്പാക്കിയില്ല.
നിലവിലെ സാഹചര്യത്തിൽ മതിയായ ഫയർവാൾ പ്രൊട്ടക്ഷനുകളില്ലാത്ത കംപ്യൂട്ടറുകളിലും ഫോണുകളിലും വളരെ എളുപ്പം തന്നെ പോൺ സൈറ്റുകൾ ഏത് പ്രായക്കാർക്കും കിട്ടുന്ന സാഹചര്യമാണ്. 11 വയസിനും 13 വയസിനും പ്രായമുള്ള കുട്ടികളിൽ പകുതിയും ഒരു ഘട്ടത്തിൽ പോണോഗ്രഫി ഉള്ളടക്കങ്ങൾ കാണുന്നുണ്ടെന്നാണ് പഠനങ്ങളെന്ന് ബിബിസി റിപ്പോർട്ടിൽ പറയുന്നു.
അതേസമയം പോൺ സൈറ്റുകൾ പ്രായം സ്ഥിരീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമ്പോൾ സ്വകാര്യതാ പ്രശ്നങ്ങളുണ്ടാകുമെന്ന ആശങ്ക ഉയരുന്നുണ്ട്. അതുകൊണ്ട് പ്രായം സ്ഥിരീകരിക്കാൻ പുതിയ സാങ്കേതിക വിദ്യകൾ ആശ്രയിക്കാനാണ് യുകെ നിർദേശിക്കുന്നത്. ഓൺലൈൻ ഗാംബ്ലിങ് പോലുള്ള മേഖലകളിൽ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. പ്രായം സ്ഥിരീകരിക്കുന്നതിനായി ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കരുതെന്നും സർക്കാർ വെബ്സൈറ്റുകളോട് നിർദേശിച്ചു.