പോണ്‍ താരത്തിന് പണം നല്‍കിയ കേസ്; ട്രംപിനെതിരെ നടപടി
ന്യൂയോർക്ക്: വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ പോൺ താരത്തിന് പണം നൽകിയെന്ന ആരോപണത്തിൽ അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം. അടുത്തയാഴ്ച കീഴടങ്ങാൻ പ്രോസിക്യൂഷൻ ട്രംപിനോട് ആവശ്യപ്പെടും. 2016ലെ തിരഞ്ഞെടുപ്പിന് മുമ്പ് പോണ്‍ താരം സ്‌റ്റോമി ഡാനിയല്‍സിന് പണം നൽകിയെന്നാണ് ആരോപണം. ബന്ധം വെളിപ്പെടുത്താതിരിക്കാൻ തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് 130,000 ഡോളർ നൽകിയെന്നാണ് ആരോപണം. ന്യൂയോർക്ക് ഗ്രാൻഡ് ജൂറിയാണ് ട്രംപിനെതിരെ കുറ്റം ചുമത്തിയത്. ആരോപണം രാഷ്ട്രീയ പകപോക്കലാണെന്നായിരുന്നു ട്രംപിന്‍റെ ആദ്യ പ്രതികരണം. ആരോപണം നിയമപരമായി നേരിടുമെന്ന് ട്രംപിന്‍റെ അഭിഭാഷകർ അറിയിച്ചു.