സ്റ്റാഫിനുള്ള ബോസിൻ്റെ മെസേജുകൾ ഓഫീസ് സമയം കഴിഞ്ഞാൽ വേണ്ടെന്ന് പോർച്ചുഗൽ

വർക്ക് ഫ്രം ഹോം രീതിക്ക് ഏറെ പ്രചാരമുള്ള പോർച്ചുഗലിൽ ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനായി നിയമനിർമാണം നടത്തി സർക്കാർ. ഓഫീസ് സമയം കഴിഞ്ഞാൽ മെസേജ് വഴിയോ ഇമെയിൽ വഴിയോ ബോസ് ജീവനക്കാരുമായി ബന്ധപ്പെടുന്നത് നിരോധിച്ചിട്ടുണ്ട്. 'വിശ്രമത്തിനുള്ള അവകാശം' കർക്കശമായി നടപ്പാക്കാനാണ് സർക്കാർ തീരുമാനം. വർക്ക്-ലൈഫ് ബാലൻസ് മെച്ചപ്പെടുത്തും. ജോലി സമയത്തല്ലാതെ ജീവനക്കാർക്ക് ജോലി സംബന്ധമായ നിർദേശങ്ങൾ നൽകരുത്. നിയമം ലംഘിച്ചാൽ സ്ഥാപനങ്ങൾ പിഴയൊടുക്കേണ്ടി വരും.

കുട്ടികളുള്ളവർക്ക് റിമോട്ട് വർക്കിങ്ങിൽ കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. കുട്ടികൾക്ക് 8 വയസ്സാകുന്നതുവരെ വർക്ക് അറ്റ് ഹോമിന് മുൻകൂട്ടിയുള്ള അനുമതി വേണ്ടതില്ല. വർക്ക് ഫ്രം ഹോം ജീവനക്കാരുടെ എനർജി ബിൽ, ഇൻ്റർനെറ്റ് ചാർജ് ഉൾപ്പെടെയുള്ളവ തൊഴിൽദാതാവ് നൽകണമെന്ന ഭേദഗതിയും കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ 'റൈറ്റ് റ്റു ഡിസ്കണക്റ്റ് ' ഉൾപ്പെടെയുള്ള ചില നിർദേശങ്ങൾ പാർലമെൻ്റ് തളളി. ഓഫീസ് സമയത്തിനുശേഷം ഫോൺ ഉൾപ്പെടെ ജോലിയുമായി ബന്ധപ്പെട്ട എല്ലാ ഉപകരണങ്ങളും ഓഫാക്കി വെയ്ക്കാനുള്ള അനുമതി വേണമെന്ന ആവശ്യമാണ് പാർലമെൻ്റ് തള്ളിയത്.

ടെലിവർക്കിങ്ങ്, റിമോട്ട് വർക്കിങ്ങ്, വർക്ക് ഫ്രം ഹോം തുടങ്ങി നിരവധി പേരുകളിൽ അറിയപ്പെടുന്ന വർക്കിങ്ങ് രീതിക്ക് വൻ സ്വീകാര്യതയാണ് യൂറോപ്യൻ രാജ്യമായ പോർച്ചുഗലിൽ ഉള്ളത്. സൗജന്യ വൈഫൈയും സൗജന്യ ഓഫീസ് ഡെസ്ക് സൗകര്യങ്ങളും ഉൾപ്പെടെ നിരവധി വാഗ്ദാനങ്ങളാണ് പോർച്ചുഗീസ് ദ്വീപായ മഡീറ മുന്നോട്ടുവെയ്ക്കുന്നത്. ഡിജിറ്റൽ നൊമാഡ് വില്ലേജ് എന്നാണ് മഡീറ അറിയപ്പെടുന്നത്. ബാർബഡോസ്, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ഡിജിറ്റൽ നൊമാഡ് വില്ലേജുകൾ നിലവിൽ വന്നിട്ടുണ്ട്.

Related Posts