ചികിത്സ ലഭിക്കാതെ ഇന്ത്യന്‍ വംശജ മരിച്ചു; രാജി വച്ച് പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി
ചികിത്സ ലഭിക്കാതെ വിനോദ സഞ്ചാരിയായ ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ട സംഭവത്തില്‍ രാജി പ്രഖ്യാപിച്ച് പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി മാര്‍ട്ട ടെമിഡോ. കിടക്കയില്ലാതിരുന്നതിനെ തുടര്‍ന്ന് ഇവരെ ഒരു ആശുപത്രിയില്‍നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു. ഇവരുടെ കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയ വഴി പുറത്തെടുത്തിരുന്നു. 34 വയസുള്ള സ്ത്രീയാണ് മരിച്ചത്. നിയോനേറ്റോളജി വിഭാഗത്തില്‍ ഒഴിവ് ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് യുവതിയെ സാന്റാ മരിയ ആശുപത്രിയില്‍നിന്ന് തലസ്ഥാനമായ ലിസ്ബണിലെ ഒരു ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നത്. സാന്റാ മരിയയില്‍നിന്ന് ആംബുലന്‍സില്‍ ലിസ്ബണിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് യുവതിക്ക് ഹൃദയസ്തംഭനം ഉണ്ടായത്. പ്രസവചികിത്സയുമായി ബന്ധപ്പെട്ട അടിയന്തര സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കാനുള്ള മാര്‍ത്തയുടെ തീരുമാനമാണ് യുവതിയുടെ മരണത്തില്‍ കലാശിച്ചതെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. വേനല്‍ അവധിക്കാലത്ത് പോര്‍ച്ചുഗലിലെ പല ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഉണ്ടാകാറില്ല. ഇതേത്തുടര്‍ന്നാണ് പ്രസവചികിത്സയുമായി ബന്ധപ്പെട്ട അടിയന്തര സേവനങ്ങള്‍, പ്രത്യേകിച്ച് വാരാന്ത്യങ്ങളില്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.