മൂന്നാം തരംഗത്തിന് സാധ്യത; മുന്നറിയിപ്പുമായി ഐഎംഎ
ആവശ്യമായ മുൻകരുതൽ എടുത്തില്ലെങ്കിൽ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉണ്ടാവുമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ).
സാർസ്-കൊവ്-2 വൈറസിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ ബാധിതരുടെ എണ്ണം 23 ആയി ഉയർന്ന സാഹചര്യത്തിലാണ് ഐഎംഎ യുടെ അതിജാഗ്രതാ നിർദേശം വന്നിരിക്കുന്നത്.
ആരോഗ്യ പ്രവർത്തകർക്കും പ്രതിരോധ പ്രവർത്തനങ്ങളിലെ മുന്നണിപ്പോരാളികൾക്കും മറ്റ് ഗുരുതര രോഗങ്ങളുള്ളവർക്കും ബൂസ്റ്റർ ഡോസ് നൽകണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
"രാജ്യം സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടയിലാണ് കൊവിഡിൻ്റെ പുതിയ വകഭേദം വന്നിരിക്കുന്നത്. ഇത് കനത്ത തിരിച്ചടിയാണ്. ആവശ്യമായ നടപടികൾ എടുത്തില്ലെങ്കിൽ രാജ്യത്ത് ഒരു മൂന്നാം തരംഗം ഉണ്ടാവാനിടയുണ്ട്," പത്രസമ്മേളനത്തിൽ ഐ എം എ പ്രതിനിധികൾ പറഞ്ഞു. ലഭ്യമായ ശാസ്ത്രീയ തെളിവുകൾ പരിശോധിച്ചാലും ഉറവിട രാജ്യങ്ങളിലെ അനുഭവങ്ങൾ കണക്കിലെടുത്താലും ഒമിക്രോൺ കൂടുതൽ വ്യാപകമായി ബാധിക്കപ്പെടാനുള്ള സാധ്യതയാണ് കാണുന്നത്.