മണിപ്പൂരിൽ തീവ്രവാദികൾക്ക് പോസ്റ്റൽ ബാലറ്റ്

മണിപ്പൂരിൽ വിധ്വംസക പ്രവർത്തനങ്ങൾ മരവിപ്പിച്ച് സർക്കാരുമായി ധാരണാപത്രം ഒപ്പുവെച്ച തീവ്രവാദികൾക്ക് പോസ്റ്റൽ ബാലറ്റ് അനുവദിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. സസ്പെൻഷൻ ഓഫ് ഓപ്പറേഷനും (എസ് ഒ ഒ) മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻ്റിങ്ങും (എം ഒ യു) ഒപ്പുവെച്ചിട്ടുള്ള ഉഗ്രവാദികളെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാക്കാൻ കമ്മിഷൻ ഒരുങ്ങുന്നത്.

നിയുക്ത ക്യാമ്പുകളിൽ തപാൽ വഴി വോട്ടുചെയ്യാൻ ഇവർക്ക് അർഹതയുണ്ടെന്ന് കമ്മിഷൻ അറിയിച്ചു. ഫെബ്രുവരി 27-നും മാർച്ച് 3-നുമായി രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.

മണിപ്പൂരിലെ 14 നിയുക്ത ക്യാമ്പുകളിൽ കഴിയുന്ന എസ് ഒ ഒ, എം ഒ യു ഗ്രൂപ്പുകളിൽപ്പെട്ട നിരവധി പേർ സംസ്ഥാനത്തെ വിവിധ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർപട്ടികയിൽ പേരുചേർത്തത് പരിഗണിച്ചാണ് തീരുമാനം. ഇവർക്ക് നിയുക്ത ക്യാമ്പുകളിൽ നിന്ന് മാറാൻ കഴിയാത്തതിനാൽ പോസ്റ്റൽ ബാലറ്റ് വഴി വോട്ടുചെയ്യാൻ അനുവദിക്കണമെന്ന് കമ്മിഷൻ നിർദേശിച്ചു.

യുണൈറ്റഡ് പീപ്പിൾസ് ഫ്രണ്ട്, കുക്കി നാഷണൽ ഓർഗനൈസേഷൻ എന്നിവയ്ക്ക് കീഴിലുള്ള ഇരുപതിലധികം കുക്കി തീവ്രവാദ ഗ്രൂപ്പുകൾ 2008 ഓഗസ്റ്റ് മുതൽ എസ് ഒ ഒ യുടെ കീഴിലാണ്.

Related Posts