ആണുങ്ങളായാൽ കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യണം, അടക്കവും ഒതുക്കവും ഉള്ളവരാകണം ആണുങ്ങൾ.
തലക്കെട്ട് വായിച്ചിട്ട് എന്തെങ്കിലും താളപ്പിഴ തോന്നിയോ, ഒരു വശപ്പിശക് ? ഉൾക്കൊള്ളാൻ ഒരു വൈക്ലബ്യം? എങ്കിൽ ഇതു കൂടി കേട്ടു നോക്കൂ.
"ആണുങ്ങളായാൽ കുട്ടികളെ നോക്കി വീട്ടിലിരിക്കണം"
"ഞങ്ങളുടെ വീട്ടിൽ ആണുങ്ങളൊന്നും ജോലിക്കു പോവാറില്ല"
വിവേചനം പുരുഷന്മാരോടാകുമ്പോൾ ഉൾക്കൊള്ളാനുള്ള ഈ പ്രയാസത്തെയാണ് പുരുഷാധിപത്യ മനോഭാവം എന്നു പറയുന്നത്.
വിവേചനങ്ങളോട് ഇനി വേണ്ട വിട്ടുവീഴ്ച എന്ന ആഹ്വാനവുമായി സർക്കാരിൻ്റെ വനിതാ ശിശു വികസന വകുപ്പ് പുറത്തിറക്കിയ പോസ്റ്ററിലെ ആകർഷകമായ വാചകങ്ങളാണ് മേൽ ഉദ്ധരിച്ചവ.
സ്ത്രീകളോടുള്ള വിവേചനങ്ങൾ മനസ്സിലാവാത്തത് അത് സർവസാധാരണമായ കാഴ്ചയായതു കൊണ്ടാണെന്നും പുരുഷന്മാർ നേരിടുമ്പോൾ അത്തരം വിവേചനങ്ങൾ കൂടുതൽ വ്യക്തമാവുമെന്നും വനിതാ ശിശുക്ഷേമ മന്ത്രാലയം പറയുന്നു. വിവേചനങ്ങളെ തിരിച്ചറിയാനും പ്രതികരിക്കാനും ആഹ്വാനം ചെയ്തുകൊണ്ടാണ് പോസ്റ്റർ ക്യാമ്പയ്ന് തുടക്കം കുറിച്ചിരിക്കുന്നത്.
രസകരമായ നിരവധി പ്രതികരണങ്ങളാണ് പോസ്റ്ററുകൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദഗതികൾ കാണാം. പണ്ടു മുതലേ പ്രചാരത്തിലുള്ള സ്ത്രീവിരുദ്ധ പരാമർശങ്ങൾക്ക് തത്തുല്യമായ പരാമർശങ്ങൾ പുനർനിർമിച്ചാണ് ചില പ്രതികരണങ്ങൾ.
വല്ലവന്റെയും വീട്ടിൽ പോകേണ്ട ആണാ...ഈ വീട്ടിൽ പുരുഷന്മാർ പോയി അധ്വാനിച്ചിട്ട് ജീവിക്കേണ്ട ഗതികേടൊന്നുമില്ല...നീ ഒരാണല്ലേ, ശബ്ദം താഴ്ത്തി സംസാരിക്ക്...സന്ധ്യയ്ക്ക് മുമ്പേ വീട്ടിൽ എത്തണം, ആൺകുട്ടിയാണെന്ന കാര്യം നീ മറക്കണ്ട...ഇഷ്ടമുള്ളതേ കഴിക്കൂന്നു വാശിപിടിക്കണ്ട, നീ ഒരാണാ...
നീ ഒരാണല്ലേ...പഠിച്ചിട്ടൊക്കെ ഇപ്പോ എന്തിനാ...കൊറച്ച് ഒതുക്കമുള്ള വസ്ത്രം ധരിച്ചൂടെ, നീയൊരാണാണെന്ന കാര്യം മറക്കരുത്...നീയൊരു ആണാ, പേരുദോഷം കേൾപ്പിക്കരുത്...
കാലിന്മേൽ കാലും കേറ്റി വച്ചിരിക്ക്ണത് കണ്ടില്ലേ ...കാല് താഴ്ത്തി ഇരിക്കടാ...
തോന്നുന്ന നേരത്ത് എണീറ്റു വരാൻ നീ പെണ്ണല്ല...എന്നിങ്ങനെ രസകരമായ നിരവധി കമൻ്റുകളുണ്ട്.