"ഭയ്യ ഈസ് ബാക്ക് " ബലാത്സംഗക്കേസിലെ പ്രതിക്ക് വരവേൽപുമായി നാടുനീളെ പോസ്റ്ററുകൾ; രോഷം പ്രകടിപ്പിച്ച് സുപ്രീം കോടതി

ബലാത്സംഗക്കേസിലെ പ്രതിക്ക് ജാമ്യം കിട്ടിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് നാടുനീളെ പോസ്റ്റർ പതിച്ചതിൽ രോഷം പ്രകടിപ്പിച്ച് സുപ്രീം കോടതി. പ്രതിയുടെ ജാമ്യം റദ്ദാക്കണം എന്ന ആവശ്യമുയർത്തി അതിജീവിതയായ പെൺകുട്ടി സമർപിച്ച ഹർജിയിലൂടെയാണ് ജാമ്യം കിട്ടിയ പ്രതിക്ക് നാടുനീളെ പോസ്റ്ററുകൾ പതിച്ചും ഹോർഡിങ്ങുകൾ ഉയർത്തിയും കൂട്ടാളികൾ വരവേൽപ് നൽകുന്ന വിവരം കോടതിയുടെ ശ്രദ്ധയിൽ പെട്ടത്.

മധ്യപ്രദേശിലാണ് സംഭവം. ബി ജെ പി യുടെ വിദ്യാർഥി സംഘടനയായ അഖില ഭാരതീയ വിദ്യാർഥി പരിഷത്തിൻ്റെ നേതാവാണ് കേസിലെ പ്രതി. വിവാഹ വാഗ്ദാനം നൽകി നിരവധി തവണ പീഡിപ്പിച്ചെന്നും ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നു എന്നുമാണ് കേസ്.

ഭയ്യാ ഈസ് ബാക്ക് എന്ന് പോസ്റ്ററുകളും പരസ്യ ബോർഡുകളും ഉയർത്തിയിട്ടുണ്ടെന്ന് പെൺകുട്ടിയുടെ അഭിഭാഷകൻ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ജസ്റ്റിസ് ഹേമ കോലി കുപിതയായി. ഭയ്യാ ഈസ് ബാക്കിലൂടെ എന്താണ് പ്രതി ഉദ്ദേശിക്കുന്നതെന്ന് കോടതി ആരാഞ്ഞു. അയാൾ എന്താണ് ആഘോഷിക്കുന്നത്. ചീഫ് ജസ്റ്റിസ് എൻ വി രമണയും ഇതേ ചോദ്യമുയർത്തി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നിങ്ങളുടെ ഭയ്യയോട് കരുതിയിരുന്നോളാൻ പ്രതിയുടെ അഭിഭാഷകനോട് സ്വരം കടുപ്പിച്ച് ചീഫ് ജസ്റ്റിസ് പറയുകയും ചെയ്തു.

Related Posts