റോഡ് പരിപാലനത്തിന് പോട്ട് ഹോൾ ഫ്രീ കേരള പദ്ധതി

കേളിത്തോട് പഴയ പാലത്തിന്റെ പുനർ നിർമ്മാണോദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു

പൊതുമരാമത്ത് റോഡുകളുടെ പരിപാലനത്തിന് പോട്ട് ഹോൾ ഫ്രീ കേരള എന്ന പ്രത്യേക പദ്ധതി ആരംഭിക്കും. ഘട്ടം ഘട്ടമായി റോഡുകളുടെ പരിപാലനം ഉറപ്പാക്കുന്ന രീതിയിലാണ് പദ്ധതി തയാറാകുന്നത്. പരിപാലനം പൂർത്തിയായാലും റണ്ണിംങ് കോൺട്രാക്ട് സംവിധാനം നടപ്പിൽ വരുമെന്ന് പൊതുമരാമത്ത് വിനോദ സഞ്ചാര ജനക്ഷേമകാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പുതുക്കാട് നിയോജകമണ്ഡലത്തിലെ ചെറുവാൾ റോഡിലെ കേളിത്തോട് പഴയ പാലത്തിന്റെ പുനർ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. കേളിത്തോട് പാലം പുനർനിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പുതിയ പാലം 10.75 മീറ്റർ നീളത്തിൽ ഒറ്റ സ്പാനോട് കൂടി 7.50 മീറ്റർ കാര്യേജ് വേ യും ഇരുഭാഗത്തും 1.50 മീറ്റർ വീതിയിൽ ഫുട്ട്പാത്ത് ഉൾപ്പെടെ ആകെ 11 മീറ്റർ വീതിയിലാണ് തയ്യാറാവുന്നത്. ഇതിനായി 2.50 കോടിയാണ് അനുവദിച്ചിരിക്കുന്നത്. അപ്രോച്ച് റോഡിന്റെ നിർമ്മാണം, തോട് സംരക്ഷണ ഭിത്തി നിർമ്മാണം, താത്കാലിക പാലവും അനുബന്ധ റോഡ് നിർമ്മാണവും ഉൾപ്പെടുത്തിയാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളത്.

കെ കെ രാമചന്ദ്രൻ എംഎൽഎ അദ്ധ്യക്ഷത വഹിക്കുകയും ശിലാ ഫലകം അനാച്ഛാദന കർമ്മം നിർവഹിക്കുകയും ചെയ്തു. പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ നിമേഷ് പുഷ്പൻ റിപ്പോർട്ട് അവതരിപ്പിച്ചു.

ചടങ്ങിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രജ്ഞിത്ത് മുഖ്യാതിഥിയായി. പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം ചാലക്കുടി അസിസ്റ്റന്റ് എഞ്ചിനീയർ സ്മിത കെ, ജില്ലാ പഞ്ചായത്ത് മെമ്പർ സരിത രാജേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി എസ് ബൈജു, കെ എം ബാബുരാജ്, ബ്ലോക്ക് വികസന ചെയർമാൻ അൽജോ പുളിക്കൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഭദ്ര മനു, വാർഡ് മെമ്പർ അനിൽ കുമാർ, പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ ഷാബു എം ടി തുടങ്ങിയവർ പങ്കെടുത്തു.

Related Posts