കൊച്ചിയുടെ കായല്‍ പരപ്പിലൂടെ സഞ്ചരിക്കാന്‍ പവ്വേര്‍ഡ് ഇലക്ട്രിക് ബോട്ട് ഒരുങ്ങുന്നു; ആദ്യ ബോട്ട് കെ എം ആര്‍ എല്ലിന് കൈമാറി

കൊച്ചി: ജലഗതാഗതത്തില്‍ ഏറെ പുതുമകള്‍ സൃഷ്ടിച്ച് കൊച്ചി വാട്ടര്‍ മെട്രോയുടെ ആദ്യ പവ്വേര്‍ഡ് ഇലക്ട്രിക് ബോട്ട് കെ എം ആര്‍ എല്ലിന് കൈമാറി. വാട്ടര്‍ മെട്രോയ്ക്ക് വേണ്ടി കൊച്ചിന്‍ ഷിപ്പ്യാര്‍ഡാണ് ബോട്ട് നിര്‍മ്മിച്ച് നല്‍കിയത്. കൂടുതല്‍ ബോട്ടുകളുടെ നിര്‍മ്മാണവും വൈകാതെ പൂര്‍ത്തിയാകും. ബാറ്ററിയ്ക്ക് പുറമേ ഡീസല്‍ വഴിയും ജനറേറ്റര്‍ വഴിയും ബോട്ട് പ്രവര്‍ത്തിക്കാം. ഒപ്പം ഇവ രണ്ടും ഉപയോഗിച്ചുള്ള ഹൈബ്രിഡ് രീതിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നതും ബോട്ടിന്റെ പ്രത്യേകതയാണ്.

വളരെ വേഗത്തില്‍ ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയാണ് ഇതില്‍ ഉപയോഗിക്കുന്നത്. 10-15 മിനിറ്റ് കൊണ്ട് ചാര്‍ജ് ചെയ്യാനുള്ള സൗകര്യവും ബോട്ടിനുണ്ട്. 10 നോട്ടിക്കല്‍ മൈല്‍ പെര്‍ അവര്‍ ആണ് ബോട്ടിന്റെ വേഗത.

നിലവില്‍ വാട്ടര്‍ മെട്രോയുടെ ടെര്‍മിനലുകളുടെയും ഫ്ളോട്ടിംഗ് ജട്ടികളുടെയും നിര്‍മാണവും അതിവേഗം പുരോഗമിക്കുകയാണ്. പദ്ധതി യാഥാര്‍ത്ഥമായാല്‍ പരമ്പരാഗത ബോട്ടിനേക്കാള്‍ വേഗത്തില്‍ കൊച്ചിയുടെ കായല്‍ പരപ്പിലൂടെ സഞ്ചരിക്കാന്‍ സാധിക്കുമെന്നതും പ്രത്യേകതയാണ്. ഈവര്‍ഷം പകുതിയോടു കൂടി വാട്ടര്‍ മെട്രോ എന്ന സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് കെ എം ആര്‍ എല്‍.

Related Posts