കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പുതിയ ഡയറക്ടരായി പി ആര്‍ ജിജോയ്

തിരുവനന്തപുരം: കെ.ആര്‍.നാരായണന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിന്റെ ഡയറക്ടറായി ചലച്ചിത്ര-നാടക പ്രവര്‍ത്തകനും നടനുമായ പി.ആര്‍. ജിജോയിയെ നിയമിച്ചതായി മന്ത്രി ആര്‍.ബിന്ദു അറിയിച്ചു. നിലവില്‍ പുനൈ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എഫ്ടിഐഐ) ചലച്ചിത്രവിഭാഗം ഡീനിന്റെ ചുമതല വഹിക്കുകയാണ് അദ്ദേഹം.

കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലെ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍നിന്ന് തിയറ്റര്‍ ആര്‍ട്‌സില്‍ ബിരുദം നേടിയ ജിജോയ്, പോണ്ടിച്ചേരി സര്‍വകലാശാലയില്‍നിന്ന് റാങ്കോടെ ഡ്രാമ ആന്‍ഡ് തിയറ്റര്‍ ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദവും എംഫിലും നേടിയിട്ടുണ്ട്. 55 ചലച്ചിത്രങ്ങളിലും 40 നാടകങ്ങളിലും 25 ഹ്രസ്വചിത്രങ്ങളിലും 10 സീരിയലുകളിലും വേഷമണിഞ്ഞു. നാലു വന്‍കരകളിലായി 400 രാജ്യാന്തര നാടകമേളകളില്‍ അഭിനേതാവായി പങ്കാളിയായി. നാലു വര്‍ഷക്കാലം സ്‌കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ അധ്യാപകനുമായിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയാണ്. വിഖ്യാത ചലച്ചിത്രകാരന്‍ സയീദ് മിര്‍സയെ ചെയര്‍മാനായി നിയമിച്ചതിനു പിന്നാലെയാണ് പുതിയ ഡയറക്ടര്‍ നിയമനം. പുതിയ നിയമനങ്ങള്‍ കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ രാജ്യത്തെ ചലച്ചിത്രപഠന സ്‌കൂളുകളുടെ ഒന്നാംനിരയിലേക്ക് ഉയര്‍ത്താന്‍ വേണ്ടിയാണെന്ന് മന്ത്രി പറഞ്ഞു. ജാതിവിവേചനം, സംവരണ അട്ടിമറി, പട്ടികജാതി വിദ്യാര്‍ഥികളുടെ ഗ്രാന്‍ഡ് വൈകല്‍ തുടങ്ങി നിരവധി ആരോപണങ്ങളില്‍ വിദ്യാര്‍ഥി സമരങ്ങളെ തുടര്‍ന്നാണ് മുന്‍ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവച്ചത്.

Related Posts