സേനയ്ക്ക് കരുത്തേകാൻ പ്രചണ്ഡ്;ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ കൈമാറി പ്രതിരോധ മന്ത്രി
ഡൽഹി: വ്യോമസേനയ്ക്ക് കരുത്തേകാൻ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളായ പ്രചണ്ഡ് എത്തി. ജോധ്പൂരിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഹെലികോപ്റ്ററുകൾ വ്യോമസേനയ്ക്ക് കൈമാറി. രാജ്നാഥ് സിംഗിനെ കൂടാതെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി ആർ ചൗധരി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രതിരോധ നിർമ്മാണ രംഗത്ത് ഇന്ത്യയുടെ കഴിവുകൾ പ്രതിഫലിപ്പിക്കുന്ന സുപ്രധാന അവസരമാണിതെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. അതിർത്തി പ്രദേശങ്ങളിലെ വെല്ലുവിളികൾ നേരിടാൻ പ്രചണ്ഡ് ഹെലികോപ്റ്ററുകൾ സജ്ജമാണെന്നും മന്ത്രി പറഞ്ഞു. തുടർന്ന് വ്യോമസേന പൈലറ്റുമാർക്കൊപ്പം രാജ്നാഥ് സിംഗ് ഹെലികോപ്റ്ററുകൾ പറത്തി. തുടർന്ന് വ്യോമാഭ്യാസം നടന്നു. പ്രചണ്ഡ് എന്ന വാക്കിന്‍റെ അർത്ഥം അതിതീവ്രം, അത്യുഗ്രം എന്നാണ്. ഉയരമുള്ള പ്രദേശങ്ങളിൽ ശത്രുക്കൾക്കെതിരെ പോരാടാനും, ടാങ്കുകൾ, ബങ്കറുകൾ, ഡ്രോണുകൾ, എന്നിവയെ ആക്രമിക്കാനും ഈ കോംബാറ്റ് ഹെലികോപ്റ്റർ സഹായിക്കും. 16,400 അടി ഉയരത്തില്‍ ആയുധങ്ങളും ഇന്ധനവുമായി പറക്കാന്‍ ഈ ഹെലികോപ്റ്ററിനാകും. 3,887 കോടി രൂപ ചെലവില്‍ തദ്ദേശീയമായി വികസിപ്പിച്ച 15 ലിമിറ്റഡ് സീരീസിൽ പത്തെണ്ണം വ്യോമ സേനയ്ക്കും അഞ്ചെണ്ണം കര സേനയ്ക്കുമാണ് കൈമാറുന്നത്. ലഡാക്ക് ഉൾപ്പെടെയുള്ള ചൈനീസ് അതിർത്തി മേഖലയിലെ വെല്ലുവിളികളെ നേരിടാൻ ഈ ഹെലികോപ്റ്ററുകൾ സജ്ജമാണ്.