കൊലപാതകി മൃതദേഹവുമായി നേരിട്ട് സ്റ്റേഷനിൽ; കേരളത്തിലെ പൊലീസ് സംവിധാനം മോശമെന്ന് ഇനിയാരും പറയരുതെന്ന് പ്രമോദ് പുഴങ്കര
കൊലപാതകം നടത്തുന്ന പ്രതി മൃതദേഹവുമായി നേരിട്ട് സ്റ്റേഷനിൽ ഹാജരാവുന്ന കേരളത്തിലെ പൊലീസ് സംവിധാനം മോശമാണെന്ന് ഇനിയാരും പറയരുതെന്ന പരിഹാസവുമായി പ്രമുഖ ഇടത് നിരീക്ഷകൻ പ്രമോദ് പുഴങ്കര. കോട്ടയത്ത് 19-കാരനെ തല്ലിക്കൊന്ന് മൃതദേഹവുമായി കുപ്രസിദ്ധ ഗുണ്ട പൊലീസ് സ്റ്റേഷനിലെത്തിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമവാഴ്ചയോട് ഇത്രമാത്രം പ്രതിബദ്ധതയുള്ള ഗുണ്ടകളെ മറ്റൊരു സ്ഥലത്ത് കാണിച്ചുതരാൻ കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു.
നാട്ടിലെ നാനാവിധ മാഫിയാ സംഘങ്ങളുടെ പറ്റുപടിക്കാരാണ് പൊലീസിലെ വലിയൊരു വിഭാഗമെന്ന് പുഴങ്കര കുറ്റപ്പെടുത്തി. മാഫിയാ സംഘങ്ങളുടെ കൂലിഗുണ്ടകളാണ് ഇക്കാണുന്ന അക്രമം നടത്തുന്ന ഗുണ്ടാസംഘങ്ങൾ. ഒരേ കളത്തിലുള്ള പൊലീസും ഗുണ്ടാ സംഘങ്ങളും തമ്മിലൊരു 'കുടിപ്പക' ഉണ്ടായാലേ രണ്ടിലൊന്ന് തീരുമാനമാകൂ എന്ന മട്ടിലാണ് കാര്യങ്ങൾ.
ഗുണ്ടകളെ അടിച്ചമർത്താനുള്ള പ്രത്യേക ദൗത്യമെന്ന പേരിൽ നാട്ടിലെ സാമൂഹ്യ, രാഷ്ട്രീയ പ്രവർത്തകരെയും മാധ്യമ പ്രവർത്തകരെയുമൊക്കെ ഗുണ്ടാ പട്ടികയിൽ പെടുത്താൻ തിരക്കുകൂട്ടുകയാണ് കേരളത്തിലെ പൊലീസ് എന്ന് പുഴങ്കര പറഞ്ഞു. പൊലീസിന് യഥാർഥ ഗുണ്ടകളെ നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ട് ഇരുകൂട്ടർക്കും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളാണ്.
ഗുണ്ടാസംഘങ്ങൾ ഉണ്ടാകുന്നത് പോക്കറ്റടിക്കാനും ചെറിയ മോഷണങ്ങൾ നടത്താനുമല്ല. നിയമവിധേയവും നിയമവിരുദ്ധവുമായ സാമ്പത്തിക ഇടപാടുകളിൽ അതിന്റെ അനുബന്ധ പരിപാടികൾക്ക് വേണ്ടിയാണ് ഗുണ്ടാ സംഘങ്ങളെ തീറ്റിപ്പോറ്റുന്നത്. അതിൽ മണലെടുപ്പുകാരും മണ്ണെടുപ്പുകാരും പാറമടക്കാരും പലിശക്കാരും ഭൂമി ഇടപാടുകാരും കെട്ടിട നിർമാണ സംഘങ്ങളും നിലം നികത്തുന്നവരും ഉണ്ടെന്ന് പുഴങ്കര ആരോപിച്ചു. ഇവർക്കെല്ലാം അതാതിടങ്ങളിലെ രാഷ്ട്രീയ-ഉദ്യോഗസ്ഥ വൃന്ദവുമായും ബന്ധമുണ്ട്. ഗുണ്ടകൾ ഒരു രാഷ്ട്രീയ-സാമ്പത്തിക ശൃംഖലയുടെ ഭാഗമാണ്. അതുകൊണ്ടുതന്നെയാണ് അവർക്കെതിരെ നടപടികൾ ഉണ്ടാകാതിരിക്കുന്നതും.