പ്രണവിന്റെയും കല്യാണിയുടെയും 'ഹൃദയം', ദർശനയുടെ പാട്ട് ഇന്ന് പുറത്തിറങ്ങും
വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച പ്രണയകാവ്യം ഹൃദയത്തിലെ ആദ്യഗാനം ഇന്ന് വൈകീട്ട് പുറത്തിറങ്ങും. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ തുടങ്ങിയവർ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിലെ ആദ്യ വീഡിയോ സോങ്ങാണ് ഇന്ന് പുറത്തിറങ്ങുന്നത്. ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങൾക്കുശേഷം പ്രണവ് മോഹൻലാൽ നായകനാവുന്ന മൂന്നാമത്തെ ചിത്രമാണ് ഹൃദയം. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ ഹിഷാം അബ്ദുൾ വഹാബ് ആണ് സംഗീതം ചെയ്തിരിക്കുന്നത്. സംഗീത സംവിധായകനായ ഹിഷാമും അഭിനേത്രിയായ ദർശന രാജേന്ദ്രനും ചേർന്ന് പാടിയ ഗാനമാണ് ഇന്ന് റിലീസ് ചെയ്യുന്നത്. അരുൺ ആലാട്ടാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്.
വർഷങ്ങൾക്കുശേഷമുള്ള മെരിലാന്റ് സിനിമാസിന്റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഹൃദയം. മെരിലാന്റിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യവും ബിഗ് ബാങ്ങ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ നോബിൾ ബാബു തോമസും ചേർന്നാണ് നിർമാണം. വിശ്വജിത്ത് ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം എഡിറ്റിങ്ങും നിർവഹിക്കുന്നു.
നേരത്തേ ഒന്നിലേറെ ഷെഡ്യൂളുകളിലായി നൂറുദിവസം കൊണ്ട് ചിത്രീകരിക്കാൻ നിശ്ചയിച്ച ചിത്രം 60 ദിവസത്തിനുള്ളിൽ പൂർത്തിയായതിന്റെ സന്തോഷം വിനീത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. സൂപ്പർ താരം പ്രിഥ്വിരാജ് ഹൃദയത്തിനായി ട്രാക്ക് പാടിയിട്ടുണ്ട്.