സ്വതന്ത്ര സിനിമകളോട് അവഗണന, പ്രതിഷേധിച്ച് പ്രതാപ് ജോസഫ്; ചലച്ചിത്രമേളയിൽ പങ്കെടുക്കാൻ സൈക്കിളിൽ തമ്പാനൂരിലേക്ക്
സ്വതന്ത്ര സിനിമകളോടുള്ള സർക്കാരിൻ്റെ അവഗണനയിൽ പ്രതിഷേധിച്ച് പ്രശസ്ത ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ പ്രതാപ് ജോസഫ്. സ്വദേശമായ കോഴിക്കോട് ജില്ലയിലെ കാക്കഞ്ചേരിയിൽനിന്ന് തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുന്ന തമ്പാനൂർ വരെ സൈക്കിൾ ചവിട്ടിയാണ് പ്രതാപിൻ്റെ പ്രതിഷേധം. മാർച്ച് 18 മുതൽ 25 വരെയാണ് തിരുവനന്തപുരം മേള അരങ്ങേറുന്നത്. സുഹൃത്തും ചലച്ചിത്ര പ്രവർത്തകനുമായ ശ്രീലേഷ് ശ്രീധരനും സൈക്കിൾ യജ്ഞത്തിൽ സംവിധായകന് ഒപ്പമുണ്ട്.
സ്വതന്ത്ര സിനിമകളുടെ പ്രചാരണം ലക്ഷ്യമിട്ടാണ് സൈക്കിൾ യാത്രയെന്ന് പ്രതാപ് ജോസഫ് പറഞ്ഞു. സർക്കാരും ചലച്ചിത്ര അക്കാദമിയും സ്വതന്ത്ര സിനിമകളോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിക്കുക എന്നതും യാത്രയുടെ ലക്ഷ്യമാണ്.
മിനിമൽ സിനിമയുടെ വിഒഡി പ്ലാറ്റ്‌ഫോം രണ്ടാം വർഷത്തിലേക്ക് കടക്കുകയാണ്. കൂടുതൽ കാണികളെ കണ്ടെത്താൻ കഴിഞ്ഞാൽ മലയാളത്തിലെ സ്വതന്ത്ര സിനിമകൾക്ക് ചെറിയൊരു കൈത്താങ്ങാകും എന്ന പ്രതീക്ഷയുണ്ട്.
ചലച്ചിത്ര അക്കാദമിയും സർക്കാരും സ്വതന്ത്ര സിനിമകളെ എങ്ങനെയാണ് സമീപിക്കുന്നത് എന്നത് പ്രത്യേകം വിസ്തരിക്കേണ്ട ആവശ്യമില്ലെന്ന് സംവിധായകൻ പറഞ്ഞു. അക്കാദമി ചെയർമാനും വൈസ് ചെയർമാനും ആരാണെന്ന് നോക്കിയാൽ തന്നെ അത് വ്യക്തമാവുമെന്ന് അദ്ദേഹം പരിഹസിച്ചു.
അടൂർ കമ്മിറ്റി റിപ്പോർട്ട് അട്ടത്തുകേറിയിട്ട് വർഷങ്ങളായെന്ന് പ്രതാപ് കുറ്റപ്പെടുത്തി. ഐ എഫ് എഫ് കെ യിൽ കേരള പ്രീമിയർ എന്ന ആവശ്യത്തിലൂന്നി മൈക്കിന്റെ നേതൃത്വത്തിൽ പ്രത്യക്ഷ സമര പരിപാടികൾ വരെ ഉണ്ടായി. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു സാഹസത്തിന് മുതിരുന്നത്.
കേരളത്തിൽ ജീവിച്ച് സിനിമയെടുക്കുന്ന രണ്ട് സിനിമാ പ്രവർത്തകരുടെ തികച്ചും വ്യക്തിപരമായ പ്രതിഷേധമായി ഇതിനെ കണ്ടാൽ മതിയെന്ന് സംവിധായകൻ പറയുന്നു. മൈക്ക്, ഫിലിമോക്രസി, മിനിമൽ സിനിമ തുടങ്ങിയ ഇൻഡിപെൻഡന്റ് സിനിമാ പ്ലാറ്റ്‌ഫോമുകളിൽ ഒരുമിച്ച് പ്രവർത്തിക്കുന്നവരാണ് പ്രതാപ് ജോസഫും ശ്രീലേഷും. ശ്രീലേഷ് വടകര നിന്നും പ്രതാപ് ജോസഫ് കാക്കഞ്ചേരിയിൽ നിന്നുമാണ് യാത്ര പുറപ്പെട്ടത്.