പ്രവാസി ലീഗൽ സെല്ലിൻ്റെ നേതൃത്വത്തിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണ മെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി.

ബഹ്‌റൈൻ: കൊവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണ മെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ, ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാമാണ് പ്രവാസി ലീഗൽ സെല്ലിനായി ഹർജി സമർപ്പിച്ചിരിക്കുന്നത്.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് കൂടി ധനസഹായം നൽകുക, കൊവിഡ് മഹാമാരി മൂലം വിദേശത്ത് മരണപ്പെട്ട ഇന്ത്യൻ പ്രവാസികളുടെ കണക്കുകൾ കൃത്യമായി ശേഖരിച്ച് തുടർ നടപടികൾക്കായി കേന്ദ്ര സർക്കാരിന് സമർപ്പിക്കാൻ വിദേശത്തുള്ള ഇന്ത്യൻ നയതന്ത്ര മിഷനുകൾക്ക് നിർദ്ദേശം നൽകുക, കൊവിഡ് മഹാമാരി മൂലം വിദേശത്ത് മാതാപിതാക്കൾ മരണപ്പെട്ട പ്രവാസികളുടെ ഇന്ത്യക്കാരായ കുട്ടികൾക്ക് പി എം കെയർ ഫണ്ടിൽ നിന്ന് സാമ്പത്തിക സഹായം നൽകുക എന്നീ വിഷയങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിട്ടുള്ളത്.

ജൂലൈ ആദ്യ വാരത്തിൽ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് കൂടി നഷ്ടപരിഹാര ആനുകൂല്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷൻ കൂടിയായ പ്രധാനമന്ത്രി, മെംബർ സെക്രട്ടറി എന്നിവർക്ക് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാം, മറ്റ് ജിസിസി കൺട്രി ഹെഡ്സ് എന്നിവർ ചേർന്ന് നിവേദനം സമർപ്പിച്ചിരുന്നു.

സുപ്രീംകോടതി ആദ്യം അനുവദിച്ച സമയപരിധി തീർന്നിട്ടും പ്രവാസികൾക്ക് അനുകൂലമായ നിലപാട് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് വൈകുന്നതിനാലും, ഈ വിഷയവുമായി ബന്ധപ്പെട്ട് പാർലിമെന്റിൽ എം പി ചോദ്യമുയർത്തിയ സാഹചര്യത്തിൽ നൽകിയ മറുപടിയിൽ വിദേശത്ത് മരണപ്പെട്ട പ്രവാസികളുടെ കണക്കിൽ വ്യക്തതയില്ലെന്ന പൊതു അഭിപ്രായം പ്രവാസ ലോകത്ത് ഉയർന്നു വന്ന സാഹചര്യത്തിലുമാണ് പ്രവാസി ലീഗൽ സെൽ ഇപ്പോൾ ഡൽഹി ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.

ഇന്ത്യൻ ഭരണഘടന പ്രകാരം പൗരന്മാരുടെ മൗലിക അവകാശങ്ങൾ ഉറപ്പുവരുത്താനുള്ള ബാധ്യത സർക്കാരിനുണ്ട്. ഇന്ത്യയിലുള്ള പൗരന്മാരെപ്പോലെ തന്നെ ഇന്ത്യക്ക് പുറത്ത് കഴിയുന്ന പ്രവാസികളായ ഇന്ത്യൻ പൗരന്മാർക്കും സർക്കാരിന്റെ ക്ഷേമപദ്ധതികളിൽ പൂർണ്ണമായ അവകാശമുണ്ട്. ഏതെങ്കിലും സർക്കാർ പദ്ധതികളിൽ നിന്ന് പ്രവാസികളെ ഒഴിവാക്കി നിർത്തുന്നത് ഭരണഘടനയുടെ 14-ാം വകുപ്പായ " തുല്യത " യുടെ ലംഘനമായി പരിഗണിക്കുന്നതാണ്. പ്രവാസികൾക്കും സർക്കാർ പദ്ധതികളിൽ സാധാരണ പൗരന്മാർക്കുള്ള അർഹത ഉള്ളതിനാൽ കൊവിഡ് മൂലം ജീവൻ നഷ്ടപ്പെട്ട വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പ്രവാസികളുടെ കുടുംബാംഗങ്ങളേയും ആനുകൂല്യത്തിനായി പരിഗണിക്കേണ്ടതാണെന്നും മറിച്ചു ഏതെങ്കിലും വേർതിരിവ് പ്രവാസികളുടെ കാര്യത്തിലുണ്ടായാൽ ഭരണഘടന ലംഘനമാണെന്നും ഹർജിയിൽ പറയുന്നു. വിഷയത്തിന്റെ പ്രാധാന്യം പരിഗണിച്ചു ഹൈകോടതിയുടെ ഇടപെടൽ വേഗത്തിൽ പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ് എബ്രഹാം, ബഹ്റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത്, ബഹ്റൈൻ കോഓർഡിനേറ്റർ അമൽ ദേവ് എന്നിവർ അറിയിച്ചു.

Related Posts