പ്രവാസികൾ നേരിടുന്ന അതിജീവന വിഷയങ്ങളിൽ സത്വര നടപടികൾ ആവശ്യപ്പെട്ട് തോമസ് മാത്യു കടവിൽ .
കുവൈറ്റ് : കൊവിഡ് മഹാമാരിയുടെ ഫലമായി വിദേശങ്ങളിൽ നിന്ന് മടങ്ങി വന്നവർക്കു അവരുടെ ഭാവി ജീവിതം കരുപ്പിടിപ്പിക്കുന്നതിനും സാമൂഹ്യ ജീവിതത്തിലേക്കും രാഷ്ട്ര പുനർനിർമ്മാണ പ്രക്രീയയിലേക്കും മടക്കി കൊണ്ടുവരുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിക്കും സംസ്ഥന മുഖ്യമന്ത്രിമാർക്കും കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രിമാർക്കും തോമസ് മാത്യു കടവിൽ കത്തയച്ചു. കത്തിന്റെ പൂർണ്ണ രൂപം.
ബഹുമാനപെട്ട സാർ,
ഒന്നും രണ്ടും തരംഗങ്ങളിലൂടെ ആഞ്ഞടിച്ച വിനാശകരമായ മഹാമാരിയുടെ മൂന്നാം തരംഗത്തിന്റെ വരവിൽ ലോകം ആശങ്കയിൽ കഴിയുന്നു. ലോക രാഷ്ട്രങ്ങൾ അവരുടെ ജനങ്ങളുടെ തകർന്ന സമ്പത് ഘടനയും ജീവിതവും കെട്ടിപ്പടുക്കാനായി കഠിനാധ്വാനം ചെയ്യുകയാണ്. മഹാമാരിയുടെ വരവിൽ ലക്ഷകണക്കിന് വിദേശങ്ങളിൽ പണിയെടുക്കുന്ന ഇന്ത്യക്കാർ അവരുടെ ജീവനോപാധികളും തൊഴിലും ഉപേക്ഷിച്ച് നമ്മുടെ രാജ്യത്തിന്റെ സുരക്ഷിതത്ത്വത്തിലേക്കു പലായനം ചെയ്തു. കഴിഞ്ഞ് ഒരു വര്ഷത്തിലേറെയായി വളരെ ദുഷ്കരമായ ജീവിത സാഹചര്യത്തിൽ ദാരിദ്ര്യത്തിലും ആത്മഹത്യയിലേക്കും നീങ്ങികൊണ്ടിരിക്കയാണ്. ഇതിൽ ധാരാളം പേർക്ക് വിദേശങ്ങളിൽ താമസ കുടിയേറ്റ രേഖകളും തൊഴിൽ പെർമിറ്റും ഉള്ളവരും നിയമപരമായി രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച് മടങ്ങി പോകാൻ കാത്തിരിക്കുന്നവരുമാണ്. ഇവരുടെ മടക്കത്തിന് അന്താരാഷ്ട്ര തലത്തിൽ അംഗീകാരമുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇപ്പോൾ സർക്കാർ നൽകുന്നവെന്നത് കൃതജ്ഞത നിര്ഭരമാണ്. എന്നാൽ ഇപ്പോഴും ആവശ്യമായ രണ്ടു ഡോസു വാക്സിനുകളും ലഭിക്കുന്നതിന് ബഹു ഭൂരിപക്ഷം പ്രവാസികളും നെട്ടോട്ടത്തിലാണ്. ജീവിതവും ജീവനോപാധികളും വീണ്ടും കരുപ്പിടിപ്പിച്ച് മെച്ചപ്പെട്ട ജീവിതം നയിക്കാമെന്ന പ്രത്യാശയിലായാണ്. ഈ സാഹചര്യത്തിൽ അവരെ കൂടുതൽ ബുദ്ധിമുട്ടിക്കാതെയും പരീക്ഷീണിതമായ സഹനശക്തിയെ കൂടുതൽ ക്ലേശപൂരിതമാകാതെയും പ്രവാസികൾക്ക്തിരികെ പോകുന്നതിനുള്ള സഹായം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.
മുകളിൽ പറഞ്ഞ ഉണർത്തലുകളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ സർക്കാരിനോടും ബന്ധപ്പെട്ട അധികാരികളോടും വിനീതമായി അഭ്യർത്ഥിക്കുന്നുത്:
1 ) തങ്ങളുടെ വിദേശ തൊഴിലിടങ്ങളിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന താമസകുടിയേറ്റ രേഖകളും വർക്ക് പെര്മിറ്റുകളും ഉള്ള എല്ലാവര്ക്കും കുറഞ്ഞത് മൂന്ന് ലക്ഷം രൂപ പലിശ രഹിത വായ്പ അനുവദിക്കുക .
2) വിദേശ തൊഴിലിടങ്ങളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മതിയായ താമസ കുടിയേറ്റ രേഖകളുള്ള ഇ സി ആർ വിഭാഗത്തിൽ പെട്ടവർക്ക് സൗജന്യ വിമാന ടിക്കറ്റു അനുവദിക്കുക.
3 ) വിദേശത്ത് നിന്നും കൂലി മോഷണത്തിനു വിധേയരായവക്കും, ശമ്പള കുടിശിക, സാമൂഹ്യ സുരക്ഷാ പദ്ധതികൾ , ഓവർടൈം, മടക്ക യാത്ര ടിക്കറ്റ്,ഇൻഷുറൻസ്, തുടങ്ങിയ അവകാശങ്ങൾ ലഭിക്കാതെ മടങ്ങിയവരുടെയും ആനുകൂല്യങ്ങൾ വിദേശ തൊഴിൽ ദാതാക്കളിൽ നിന്നും ലഭിക്കുവാൻ ഇടപെടൽ ആവശ്യമാണ്. കൂലി മോഷണം എന്നത് പ്രവാസി തൊഴിലാളികൾ നാളുകളായി നേരിടുന്ന ഒരു പ്രശ്നമാണ്. അതിനെ കോവിഡ് മഹാമാരി കൂടുതൽ വഷളാക്കി. ഏതാണ്ട് 1,200 കോടി ഉറുപ്പിക കൂലി മോക്ഷണ ഇനത്തിൽ പ്രവാസികൾക്ക് ലഭിക്കാനുണ്ടെന്നു (cims kerala പ്രസിദ്ധീകരിച്ച) കണക്കുകൾ സൂചിപ്പിക്കുന്നു.
4 ) കോവിഡ് മഹാമാരിയിൽ വിദേശത്തു മരണപ്പെട്ട പ്രവാസി തൊഴിലാളികളുടെ ആശ്രിതർക്ക് ജോലിസ്ഥലത്ത് നടന്ന അത്യാഹിതമായോ അപകട മരണമായോ പരിഗണിച്ച് വിദേശ സർക്കാരുകളിൽ നിന്നും വിദേശ തൊഴിൽ ദാതാക്കളിൽ നിന്നും അന്താരാഷ്ട്ര തത്ത്വങ്ങളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തത്തിൽ മതിയായ നഷ്ട പരിഹാരം ലഭ്യമാകുക.
5 ) ഇമ്മിഗ്രേഷൻ ക്ലിയറൻസ് ബാധകമായ 18 രാജ്യങ്ങളിലെ ( ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ) നിരവധി ഇന്ത്യക്കാർ മതിയായ താമസ കുടിയേറ്റ രേഖകൾ ഇല്ലാത്തതിനാൽ കോവിഡ് വാക്സിൻ സ്വീകരിക്കാനാവാത്ത ബുദ്ധിമുട്ടുന്നുണ്ട്. അധിവസിക്കുന്ന സമൂഹങ്ങൾ അവർക്കും മറ്റുള്ളവർക്കും ഈ വിഭാഗം ഭീക്ഷണിയാകുന്നുവെന്നു പറയേണ്ടതില്ലല്ലോ. ഇവരുടെ വിഷയത്തിൽ സത്വരമായി ഇടപെട്ടു അവർക്കു വാക്സിൻ ലാഭമാക്കണമെന് അഭ്യർത്ഥിക്കുന്നു.
മുകളിൽ പറഞ്ഞ ആവശ്യങ്ങളിൽ സത്വര ശ്രദ്ധയും നടപടിയും വേണമെന്ന് അഭ്യർത്ഥിക്കുന്നു.