ഗർഭസ്ഥ ശിശുവിൻ്റെ ലിംഗ നിർണയം അതിഹീനമായ പ്രവൃത്തി, കുറ്റവാളികൾക്ക് കഠിനശിക്ഷ നൽകണമെന്ന് ഡൽഹി കോടതി

ഗർഭസ്ഥ ശിശുവിൻ്റെ ലിംഗ നിർണയം നടത്തി പെൺകുഞ്ഞാണെങ്കിൽ ഭ്രൂണഹത്യ ചെയ്യുന്നത് ആധുനിക സമൂഹത്തിന് ചേർന്ന പ്രവൃത്തിയല്ലെന്ന് ഡൽഹി കോടതി. ഭ്രൂണാവസ്ഥയിലുള്ള ശിശുവിൻ്റെ ലിംഗം നിർണയിക്കാനുളള ടെസ്റ്റ് രാജ്യത്ത് നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്. അതി ഹീനമായ പ്രവൃത്തിയാണത്. അത്തരം നികൃഷ്ടമായ പ്രവർത്തനത്തിൽ ഏർപ്പെടുന്നവർ ആരായാലും അവർക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കണം.

1994 ലെ ലിംഗ നിർണയ നിരോധന നിയമം കൊണ്ടുവന്നത് പെൺഭ്രൂണഹത്യ തടയുക എന്ന ഉദ്ദേശ്യത്തോടെയാണ്. ലിംഗ നിർണയം നടത്തി പെൺകുഞ്ഞാണെന്ന് തിരിച്ചറിഞ്ഞാൽ അതിനെ ഗർഭപാത്രത്തിനുള്ളിൽ വെച്ചുതന്നെ നശിപ്പിച്ചു കളയുന്നതാണ് പെൺഭ്രൂണഹത്യ.

പെൺകുഞ്ഞുങ്ങളുടെ വളർച്ചയ്ക്കും വികാസത്തിനുമായി രാജ്യം 'ബേഠി ബചാവോ ബേഠി പഠാവോ' തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കുന്നതിനിടയിലാണ് അതിഹീനമായ ഇത്തരം പ്രവൃത്തികൾ അരങ്ങേറുന്നത്. ഒരു നിലയിലും അംഗീകരിക്കാനാവാത്ത, ഫ്യൂഡൽ കാലത്തെ ഇത്തരം നികൃഷ്ടമായ കൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ അതികഠിനമായ ശിക്ഷ നല്കി സമൂഹത്തിന് ശക്തമായ സന്ദേശം നൽകണമെന്ന് കോടതി അഭിപ്രായപ്പെട്ടു. നിന്ദ്യമായ ഇത്തരം പ്രവൃത്തികൾക്ക് ആധുനിക സാമൂഹ്യ ജീവിതത്തിൽ സ്ഥാനമില്ല. ലിംഗ നിർണയം നടത്തി കുഞ്ഞുങ്ങളെ നശിപ്പിക്കുന്നവർ സാമൂഹ്യ ദ്രോഹികളാണ്.

ലിംഗ നിർണയം നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും രാജ്യത്തെമ്പാടുമുള്ള ക്ലിനിക്കുകളിൽ ഇത് അനായാസം നടത്താമെന്ന പൊതുബോധമാണ് നിലനിൽക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ലിംഗ നിർണയം നിയമം മൂലം നിരോധിച്ചിട്ടുണ്ട്. വിശുദ്ധ ഗ്രന്ഥങ്ങൾ അതിനെ വിലക്കുന്നുണ്ട്. ദർശനങ്ങൾ അപലപിക്കുകയും ശിക്ഷാവിധികൾ കൽപ്പിക്കുകയും ചെയ്യുന്നുണ്ട്. നൈതികത അതിനെ തള്ളിപ്പറയുന്നുണ്ട്. ധാർമികത അതിനെ നിന്ദിക്കുന്നുണ്ട്. സാമൂഹ്യ ശാസ്ത്രങ്ങൾ വെറുപ്പോടെ വീക്ഷിക്കുന്നുമുണ്ട്- കോടതി അഭിപ്രായപ്പെട്ടു.

ലിംഗ നിർണയം നടത്തി ഭ്രൂണഹത്യയ്ക്ക് കൂട്ടുനില്ക്കുന്നു എന്ന് ആരോപിക്കപ്പെടുന്നവർ ഇതിനായി ഒരു കമ്പനി തന്നെ നടത്തുകയാണെന്ന പരാതിയാണ് ഉയർന്നിട്ടുള്ളത്. കുറ്റാരോപിതർക്കെതിരെയുള്ള അന്വേഷണം വേഗത്തിലാക്കാൻ കോടതി നിർദേശിച്ചു. 2019 ൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത കേസിൽ ഒച്ചിഴയും വേഗത്തിലാണ് അന്വേഷണം നടക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി.

Related Posts