മഴക്കെടുതി നേരിടാൻ ചാലക്കുടി സജ്ജം
മഴക്കെടുതി നേരിടാൻ സർവ്വസജ്ജമായി ചാലക്കുടി. മഴ കനക്കുന്ന സാഹചര്യമുണ്ടായാൽ കാലതാമസമില്ലാതെ ക്യാമ്പുകൾ തുറക്കുന്നതിന് വേണ്ട തയ്യാറെടുപ്പുകൾ സജ്ജമാണെന്ന് ചാലക്കുടി നഗരസഭ ചെയർമാൻ വി ഒ പൈലപ്പൻ പറഞ്ഞു. ക്യാമ്പുകൾ ആരംഭിക്കുന്നതിനായി ആറ് കേന്ദ്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ചാലക്കുടി ഗവ.ബോയ്സ് ഹൈസ്കൂൾ, മുഞ്ഞേലി പള്ളി പാരിഷ് ഹാൾ, കോട്ടാറ്റ് സെന്റ് ആന്റണിസ് ഹൈസ്കൂൾ, നോർത്ത് ചാലക്കുടി സെന്റ് ജോസഫ് പള്ളി പാരിഷ് ഹാൾ, വി ആർ പുരം കമ്മ്യൂണിറ്റി ഹാൾ, കൂടപ്പുഴ തിരുമാന്ധoകുന്ന് ദേവി ക്ഷേത്രം ഹാൾ എന്നിവയാണ് ക്യാമ്പിനായി കണ്ടെത്തിയിട്ടുള്ള ആറ് സ്ഥലങ്ങൾ. മഴക്കെടുതി മൂലമുണ്ടാകുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നഗരസഭയും പൊലീസും റവന്യൂവകുപ്പും സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉരുൾപ്പൊട്ടൽ സാധ്യത മുന്നിൽക്കണ്ട് പരിയാരം പഞ്ചായത്തിലെ കാഞ്ഞിരപ്പിള്ളി പട്ടികജാതി കോളനിയിൽ കഴിഞ്ഞ ദിവസം നിന്ന് മാറ്റിപാർപ്പിച്ച അഞ്ചു കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പിൽ തുടരുകയാണ്. കൊന്നക്കുഴി ചക്രപാണി സ്കൂളിലാണ് ക്യാമ്പുള്ളത്. 23 പേർ ഇവിടെ കഴിയുന്നു. മഴക്കെടുതിയിൽ പരിയാരം, കോടശ്ശേരി പഞ്ചായത്തുകളിലായി ചൗക്ക, എലിഞ്ഞിപ്ര എന്നീ ഭാഗങ്ങളിൽ അഞ്ചു ഇലക്ട്രിക് പോസ്റ്റുകൾ വീണു. മരം വീണതിനെ തുടർന്നാണ് പോസ്റ്റുകൾക്ക് നാശനഷ്ടം സംഭവിച്ചത്.