ദളിത് വിഭാഗത്തിൽപ്പെട്ട ഭാര്യയെ ഉപേക്ഷിക്കാത്തതിന് ബ്രാഹ്മണ യുവാവിനെ വിഷം കൊടുത്തും തീവെച്ചും കൊല്ലാൻ ശ്രമം

ദളിത് വിഭാഗത്തിൽപ്പെട്ട ഭാര്യയെ ഉപേക്ഷിക്കണമെന്ന വീട്ടുകാരുടെ ആവശ്യം നിരാകരിച്ച ബ്രാഹ്മണ യുവാവിനെ വിഷം കൊടുത്തും തീവെച്ചും കൊല്ലാൻ വീട്ടുകാർ ശ്രമിച്ചതായി ആരോപണം. ജമ്മു കശ്മീരിലെ ഉദംപൂരിലാണ് സംഭവം. അശ്വനി ശർമ എന്ന യുവാവിനാണ് സ്വന്തം പിതാവിൽ നിന്നും പിതൃസഹോദരിയിൽ നിന്നും ജീവന് ഭീഷണി നേരിടുന്നത്.

വിവാഹമോചിതയായ ലക്ഷ്മിദേവി എന്ന ദളിത് യുവതിയെ അശ്വനി ശർമ വിവാഹം ചെയ്തത് സ്വന്തം ഇഷ്ടപ്രകാരമാണ്. കുടുംബം ശക്തമായി എതിർത്തതിനാൽ വാടക വീടുകളിലാണ് ഇരുവരും കഴിഞ്ഞുപോരുന്നത്. ട്രക്ക് ഡ്രൈവറായിരുന്ന ശർമയ്ക്ക് വീട്ടുകാരുടെ ക്രൂരതകളെ തുടർന്ന് ജോലി ഉപേക്ഷിക്കേണ്ടിവന്നു. ലക്ഷ്മിദേവി വീട്ടുവേല ചെയ്താണ് കുടുംബം പുലർത്തുന്നത്.

രണ്ടുതവണയാണ് അശ്വനി ശർമയ്ക്കു നേരെ വധശ്രമം ഉണ്ടായത്. വിവാഹശേഷം ശർമ സ്വന്തം വീട്ടിൽ കഴിഞ്ഞിട്ടില്ല. അമ്മയും സഹോദരനും റോഡ് അപകടത്തിൽ മരണമടഞ്ഞപ്പോൾ അദ്ദേഹത്തിന് സ്വന്തം വീട്ടിൽ പോകേണ്ടി വന്നിരുന്നു. ആ സമയത്താണ് പിതാവ് വിഷം കൊടുത്തു കൊല്ലാൻ ശ്രമം നടത്തിയത്. ഭാഗ്യത്തിനാണ് ജീവൻ രക്ഷപ്പെട്ടത്. ലോഹ്രി ആഘോഷ സമയത്താണ് രണ്ടാമത്തെ വധശ്രമം അരങ്ങേറിയത്. ആഘോഷത്തിൽ പങ്കുചേരണം എന്ന പിതാവിൻ്റെ ക്ഷണം ലഭിച്ചപ്പോൾ മറ്റെല്ലാം മറന്ന് വീണ്ടും വീട്ടിൽ ചെല്ലുകയായിരുന്നു. ഭാര്യയെ ക്ഷണിക്കാത്തതിനാൽ അവരെ ഒപ്പം കൂട്ടിയില്ല. വീട്ടിലെത്തി പിതാവുമൊത്ത് സംസാരിച്ചിരിക്കുമ്പോൾ പിതാവിൻ്റെ സഹോദരി മണ്ണെണ്ണയൊഴിച്ച് കത്തിക്കാൻ ശ്രമിച്ചു. ദിവസങ്ങളോളം ആശുപത്രിയിലായിരുന്നു.

പൊലീസിൻ്റെ ഭാഗത്തുനിന്നും സഹകരണമില്ല എന്ന് ദമ്പതികൾ ആരോപിക്കുന്നു. വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ച കേസിൽ പൊലീസിൻ്റെ മേലുള്ള സമ്മർദത്തെ തുടർന്ന് അന്വേഷണം നടന്നിട്ടില്ല. തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസും എങ്ങുമെത്തിയിട്ടില്ല. അന്വേഷണം നടക്കുന്നു എന്നാണ് പൊലീസ് പറയുന്നത്.

ദുരഭിമാന കൊലകൾ ജമ്മു കശ്മീരിൽ പൊതുവെ റിപ്പോർട്ട് ചെയ്യപ്പെടാറില്ലെന്ന് ദളിത് ആക്റ്റിവിസ്റ്റുകൾ ആരോപിക്കുന്നു. 2013 മുതൽ 2019 വരെ രാജ്യത്താകെ 145 ദുരഭിമാന കൊലകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത കൊലക്കേസുകൾ ഇതിലും എത്രയോ മടങ്ങ് അധികമാണെന്നാണ് മനുഷ്യാവകാശ പ്രവർത്തകരും ദളിത് സംഘടനകളും പറയുന്നത്.

Related Posts