ആദ്യഘട്ടത്തിൽ ഡിജിറ്റൽ റീ സർവേ പൂർത്തിയാക്കുന്ന ജില്ലയായി തൃശൂരിനെ മാറ്റുക ലക്ഷ്യം - മന്ത്രി കെ രാജൻ
അടുത്ത നാല് വർഷം കൊണ്ട് കേരളത്തിലെ ഡിജിറ്റൽ റീസർവേ പൂർത്തിയാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകുകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഇതിൽ 20 ശതമാനം ഡ്രോൺ ഉപയോഗിച്ച് നടത്തും. ഒരേ സമയം 200 വില്ലേജുകളിൽ റീസർവേ നടത്തുന്ന രീതിയിലേക്ക് സംവിധാനങ്ങൾ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നൂതന സാങ്കേതിക വിദ്യയായ ഡ്രോണ്‍, ആര്‍.ടി.കെ എന്നിവ ഉപയോഗിച്ച് തൃശൂര്‍ താലൂക്കിലെ കൂര്‍ക്കഞ്ചേരി, ചിയ്യാരം എന്നീ വില്ലേജുകളുടെ സര്‍വെ ജോലികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി നടന്ന ജില്ലാതല ജനപ്രതിനിധി ബോധവത്കരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജനുവരി 28ന് ചിയ്യാരത്ത് ഡ്രോൺ ഉപയോഗിച്ചുള്ള സർവേ ആരംഭിക്കും. ആദ്യഘട്ടത്തിൽ ഡിജിറ്റൽ റീ സർവേ പൂർത്തിയാക്കുന്ന ജില്ലയായി തൃശൂരിനെ മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഡ്രോൺ സർവേ ആരംഭിക്കുന്ന വില്ലേജുകളിലെ ജനപ്രതിനിധികളേയും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളേയും പൊതുജനങ്ങളേയും ഉള്‍പ്പെടുത്തിയാണ് ബോധവത്ക്കരണ യോഗം നടത്തിയത്. കൂര്‍ക്കഞ്ചേരി എസ്.എന്‍.ബി.പി. ഹാളില്‍ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ഭൂരേഖ വിരല്‍ത്തുമ്പില്‍ എന്ന ആശയം മുന്‍നിർത്തി സര്‍ക്കാര്‍ സംസ്ഥാനത്ത് ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ സര്‍വെ ചെയ്തിട്ടില്ലാത്ത 1550 വില്ലേജുകളില്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഡിജിറ്റല്‍ റീസര്‍വെ ചെയ്യുന്നത്. ഇതിൻ്റെ ഭാഗമായി തൃശൂർ ജില്ലയില്‍ 4 താലൂക്കുകളിലായി 23 വില്ലേജുകള്‍ ഡിജിറ്റല്‍ റീസര്‍വെ ചെയ്യുന്നതിന് സര്‍വെയും ഭൂരേഖയും വകുപ്പ് മുഖേന കര്‍മ്മപദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഡിജിറ്റൽ സർവേ യാഥാർത്ഥ്യമാകുന്നതോടെ ഒരു ആവശ്യത്തിനായി പല ഓഫീസിൽ കയറി ഇറങ്ങുന്നത് ഒഴിവാക്കാനാകും. അപേക്ഷകൾ ഓൺലൈനായി നൽകാനും പരിഹരിക്കാനും കഴിയും.
വസ്തുക്കളുടെ പോക്കുവരവ് വേഗത്തിലാക്കാനും വികസന പ്രവർത്തനങ്ങളുടെ വേഗത വർധിപ്പിക്കാനും ഇതിലൂടെ സാധിക്കും. യോഗത്തിൽ ജില്ലാ കലക്ടർ ഇൻ ചാർജ് റെജി പി ജോസഫ്, ഡെപ്യൂട്ടി കലക്ടർ ഉഷ ബിന്ദു മോൾ കെ, സർവേ ഡെപ്യൂട്ടി ഡയറക്ടർ ഷാലി പി കെ, തഹസിൽദാർ ജയശ്രീ, കൗൺസിലർമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഹെഡ് ഡ്രാഫ്റ്റ്മാൻ ജെന്നി പി വി ബോധവത്കരണ ക്ലാസ് നയിച്ചു. ഡ്രോൺ സർവേ സംബന്ധിച്ച ബോധവത്കരണ യോഗങ്ങൾ വരും ദിവസങ്ങളിൽ വില്ലേജ് തലത്തിലും നടത്തും.