അവതരണം ആക്ടർ മുരളി തീയേറ്ററിൽ ഇന്ന് വൈകിട്ട് 7ന്
ടെമ്പസ്റ്റിലൂടെ കഥാപാത്രങ്ങൾ സ്വാതന്ത്ര്യം അന്വേഷിക്കുന്നു
കഥാപാത്രങ്ങളുടെ സ്വാതന്ത്ര്യമാണ് ടെമ്പസ്റ്റ് നാടകത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് നാടകസംഘം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അഭിനേതാക്കളിലൂടെ അതിരുകൾ ലംഘിക്കുന്ന മാനവികതയാണ് ടെമ്പസ്റ്റിലൂടെ അവതരിപ്പിക്കുന്നതെന്നും അണിയറ പ്രവർത്തകർ പറഞ്ഞു. അന്താരാഷ്ട്ര നാടകോത്സവത്തിൽ നാടക പ്രേമികൾ കാത്തിരുന്ന ടെമ്പസ്റ്റ് നാടകം ഇന്ന് രാത്രി 7 മണിക്ക് ആക്ടർ മുരളി തീയേറ്ററിലാണ് അരങ്ങേറുന്നത്. പീറ്റർ ബ്രൂക്കും മേരി ഹെലൻ എസ്റ്റിയും ചേർന്നാണ് സംവിധാനം.
ഇരുപതാം നൂറ്റാണ്ടിലെ നാടക ഇതിഹാസമാണ് പീറ്റർ ബ്രൂക്ക്. നാടകവേദിയുടെ സങ്കല്പത്തെ തകർത്ത് ഷേക്സ്‌പിയർ, ബ്രെഹറ്റ്, പീറ്റർ വെയ്‌സ് തുടങ്ങി നിരവധി നാടകകൃത്തുക്കളുടെ നാടകങ്ങൾ പുനരവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
പീറ്റർ ബ്രൂക്കിന്റെ ഇന്ത്യയുമായുള്ള ബന്ധം തുടങ്ങുന്നത് മഹാഭാരതം നാടകാവിഷ്കാരത്തിലൂടെയാണ്. ഇതിനായി1984ൽ കൊൽക്കത്തയിൽ എത്തി പണ്ഡിതന്മാരെയും നാടകപ്രവർത്തകരെയും സംവിധായകരെയും അഭിനേതാക്കളെയും കണ്ട് വിവിധ വശങ്ങൾ സംസാരിച്ചു. അവരുടെ രീതികൾ സൂക്ഷ്മമായി ആവിഷ്ക്കരിച്ചു.1985-ൽ പീറ്റർ ബ്രൂക്ക് ഫ്രാൻസിൽ മഹാഭാരതം നാടകം അവതരിപ്പിച്ചു. 16 രാജ്യങ്ങളിൽ നിന്ന് 21 അഭിനേതാക്കളെ ഉൾപ്പെടുത്തിയായിരുന്നു ആവിഷ്ക്കാരം. ഒൻപതു മണിക്കൂർ നീണ്ടു നിൽക്കുന്നതായിരുന്നു അതിന്റെ അവതരണം. 2016ൽ മുംബൈയിലായിരുന്നു മഹാഭാരതത്തിന്റെ ഇന്ത്യൻ അവതരണം. 2021ൽ ഇന്ത്യ പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു.
അധികാരവും അധികാരത്തിനുവേണ്ടിയുള്ള ആഗ്രഹവും ഷേക്സ്പിയർ നാടകങ്ങളിലെ പ്രധാനപ്പെട്ട പ്രമേയങ്ങളിലോന്നാണ്. ടെമ്പസ്റ്റിലും അതു കാണാം. ടെമ്പസ്റ്റ് പ്രൊജക്റ്റിലും വിവിധ രാജ്യങ്ങളിലെ അഭിനേതാക്കൾ കഥാപാത്രങ്ങളാകുന്നു. പ്രോസ്പെറോ, മിറാൻഡ, ഫെർഡിനൻഡ്, ഏരിയൽ, കാലിബൻ എന്നിവരാണ് ടെമ്പസ്റ്റിലെ കേന്ദ്ര കഥാപാത്രങ്ങൾ.