രണ്ടും കൽപിച്ച് ഗവർണർ; രാജ്ഭവനിൽ നാളെ വാർത്താ സമ്മേളനം
തിരുവനന്തപുരം: മുഖ്യമന്ത്രിയും സി പി എമ്മും തമ്മിലുള്ള പോര് ശക്തമാക്കാൻ അസാധാരണ നീക്കവുമായി ഗവര്‍ണര്‍. സർക്കാരിനെതിരായ തെളിവുകൾ പുറത്തുവിടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ രാവിലെ രാജ്ഭവനിൽ വാർത്താസമ്മേളനം നടത്താൻ ഒരുങ്ങുകയാണ്. രാവിലെ 11.45ന് തന്‍റെ ഔദ്യോഗിക വസതിയായ രാജ്ഭവനിലാണ് ഗവർണർ മാധ്യമങ്ങളെ കാണുക. വീഡിയോകളും ചില രേഖകളും വാർത്താസമ്മേളനത്തിൽ പുറത്തുവിടുമെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. കെ കെ രാഗേഷിൻ്റെ ഭാര്യയെ കണ്ണൂര്‍ സര്‍വ്വകലാശാലയിൽ നിയമിക്കാനുള്ള നീക്കത്തിലും തനിക്കെതിരെ ചരിത്ര കോണ്‍ഗ്രസ് വേദിയിൽ ഉണ്ടായ ആക്രമണ നീക്കത്തിന് പിന്നിലും മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് ഗവര്‍ണര്‍ തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ ഗവർണർക്ക് മറുപടി നൽകിയത്. പിന്നാലെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഗവർണറെ കടന്നാക്രമിച്ചു. സി പി എമ്മും സർക്കാരും അദ്ദേഹത്തിനെതിരെയുള്ള നീക്കം ശക്തമാക്കിയതോടെ സർക്കാരിനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെ നാളെ വാർത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കുന്ന എന്തെങ്കിലും തെളിവുകളോ രേഖകളോ ഗവർണർ പുറത്തുവിടുമോയെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.