മാനദണ്ഡങ്ങൾ ലംഘിച്ച് നിലവാരമില്ലാത്ത പ്രഷർ കുക്കർ വിറ്റു; ഫ്ലിപ്കാർട്ടിന് ഒരു ലക്ഷം പിഴ
ഡൽഹി: മാനദണ്ഡങ്ങൾ ലംഘിച്ച് നിലവാരമില്ലാത്ത പ്രഷർ കുക്കറുകൾ വിൽപ്പന നടത്തിയതിന് ഇ-കൊമേഴ്സ് ഭീമനായ ഫ്ളിപ്പ്കാർട്ടിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ സമിതി പിഴ ചുമത്തി. ഫ്ലിപ്കാർട്ട് ഒരു ലക്ഷം രൂപ പിഴ അടയ്ക്കണം. ഉപഭോക്താക്കളുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്നാരോപിച്ചാണ് പിഴ ചുമത്തിയത്. നിലവാരമില്ലെന്നു കണ്ടെത്തിയ 598 പ്രഷർ കുക്കറുകൾ വാങ്ങിയ ഉപഭോക്താക്കളെ ഇക്കാര്യം അറിയിക്കാനും പ്രഷർ കുക്കറുകൾ തിരിച്ചുവിളിക്കാനും ഉപഭോക്താക്കൾക്ക് അവയുടെ വില തിരികെ നൽകാനും 45 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും ഫ്ളിപ്കാർട്ടിനോട് സി സി പി എ നിർദ്ദേശിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന പ്രഷർ കുക്കർ സംബന്ധിച്ച ഉത്തരവ് പ്രകാരം, എല്ലാ ഗാർഹിക പ്രഷർ കുക്കറുകൾക്കും IS 2347:2017 മാർക്ക് ഉണ്ടായിരിക്കണം. പ്രഷർ കുക്കറുകൾ ഓൺലൈനായോ ഓഫ്ലൈനായോ വിൽപ്പനയ്ക്ക് വയ്ക്കുന്നതിന് മുമ്പ് അവ പരിശോധിക്കേണ്ടതുണ്ട്. ഉൽപ്പന്നത്തിന്‍റെ ഇൻവോയ്സിൽ പ്രധാനപ്പെട്ട വിവരങ്ങൾ ഉണ്ടായിരിക്കണമെന്നും ഉൽപ്പന്നങ്ങൾ സ്വർണ്ണം, വെള്ളി, വെങ്കലം എന്നിങ്ങനെ വേർതിരിക്കണമെന്നും സി സി പി എ നിർദ്ദേശിച്ചു. ഇ-കൊമേഴ്സ് വിപണിയിലൂടെ ഇത്തരം നിലവാരമില്ലാത്ത പ്രഷർ കുക്കറുകൾ വിൽക്കുന്നതിലൂടെ ഫ്ലിപ്കാർട്ട് മൊത്തം 1,84,263 രൂപ സമ്പാദിച്ചു. പ്രഷർ കുക്കറുകളുടെ വിൽപ്പനയിൽ നിന്ന് ഫ്ലിപ്കാർട്ട് വാണിജ്യപരമായി നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നും ഉപഭോക്താക്കളോടുള്ള ഉത്തരവാദിത്തത്തിൽ നിന്ന് കമ്പനിക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും സി സി പി എ പറഞ്ഞു.