ഗര്‍ഭിണിയായ പൂച്ചയെ രക്ഷിച്ച മലയാളികള്‍ക്ക് സമ്മാനമായി 10 ലക്ഷം രൂപ വീതം നൽകി ദുബായ് ഭരണാധികാരി

ദുബായ്: ഗർഭിണിയായ പൂച്ചയെ രക്ഷിച്ച രണ്ട് മലയാളികൾക്ക് ദുബായ് ഭരണാധികാരി 10 ലക്ഷം രൂപ വീതം സമ്മാനമായി നൽകി. ദുബായ് ദേരയിൽ കെട്ടിടത്തിന്റെ ബാൽക്കണിയിൽനിന്ന് താഴേക്കു വീണ ഗർഭിണിയായ പൂച്ചയെ തുണി വിരിച്ച് രക്ഷിക്കുന്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്തിരുന്നു. നാദാപുരം പുറമേരി സ്വദേശി മുഹമ്മദ് റാഷിദാണ് ദൃശ്യം പകർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിനന്ദിച്ചിരുന്നു.

നാസർ ശിഹാബാണ് തുണി വിരിച്ച് പൂച്ചയെ രക്ഷപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നത്. ഈ രണ്ട് മലയാളികൾ ഉൾപ്പെടെ ഒരു പാകിസ്താനിയ്ക്കും ഒരു മൊറോക്കൻ സ്വദേശിക്കുമാണ് 50,000 ദിർഹം വീതം ഷെയ്ഖ് മുഹമ്മദ് നൽകിയത്.

ഞങ്ങളുടെ മനോഹര നഗരത്തിലെ അനുകമ്പയുള്ള പ്രവൃത്തി, ഇവരെ തിരിച്ചറിയുന്നവർ അഭിനന്ദനങ്ങൾ അറിയിക്കാനായി ഞങ്ങളെ സഹായിക്കുക' എന്ന് ഷെയ്ഖ് മുഹമ്മദ് പൂച്ചയെ രക്ഷപ്പെടുത്തുന്ന ദൃശ്യം പങ്കുവെച്ച് ട്വിറ്ററിൽ കുറിച്ചിരുന്നു. പാടിപുകഴ്ത്താത്ത അനേകം വീരൻമാർ നമുക്കിടയിലുണ്ടെന്ന് പറഞ്ഞായിരുന്നു ദുബായ് ഭരണാധികാരി മലയാളികൾ ഉൾപ്പെടെയുള്ള നാലു പേരുടെ നൻമ സ്വന്തം ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചത്.

Related Posts