മുലായം സിങ് യാദവിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി
ഡൽഹി: സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെ അനുശോചന കുറിപ്പിനൊപ്പം മുലായം സിംഗ് യാദവിനൊപ്പമുള്ള ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവെച്ചിട്ടുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും ജയപ്രകാശ് നാരായണന്‍റെയും ലോഹ്യയുടെയും ആദർശങ്ങൾ ജനപ്രിയമാക്കാൻ ജീവിതം ഉഴിഞ്ഞുവയ്ക്കുകയും ചെയ്ത എളിയ നേതാവായിരുന്നു അദ്ദേഹമെന്നും മോദി ട്വിറ്ററിൽ കുറിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ മുതൽ അദ്ദേഹവുമായി ബന്ധമുണ്ടെന്നും മോദി കൂട്ടിച്ചേർത്തു. ഗുരുഗ്രാം മേദാന്ത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മുലായം സിംഗ് യാദവ് ഇന്ന് രാവിലെ അന്തരിച്ചത്. ശ്വാസതടസ്സവും വൃക്കകളുടെ പ്രവർത്തനക്ഷമതയും തകരാറിലായതിനെ തുടർന്നാണ് മുലായത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് മരണം. അദ്ദേഹത്തിന്‍റെ മകൻ അഖിലേഷ് യാദവാണ് മരണവാർത്ത ട്വിറ്ററിലൂടെ അറിയിച്ചത്.