പരമ്പരാഗത വേഷം ധരിച്ച് പ്രധാനമന്ത്രി; ഉത്തരാഖണ്ഡിൽ ക്ഷേത്ര സന്ദർശനം പുരോഗമിക്കുന്നു
ഡെറാഡൂൺ: പ്രധാനമന്ത്രിയുടെ ഉത്തരാഖണ്ഡ് സന്ദർശനം പുരോഗമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ കേദാർ നാഥ് ക്ഷേത്രവും ശങ്കരാചാര്യരുടെ സമാധിസ്ഥലവും സന്ദർശിച്ചു. ഹിമാചൽ പ്രദേശ് സന്ദർശന വേളയിൽ സമ്മാനമായി ലഭിച്ച പരമ്പരാഗത വസ്ത്രവും തൊപ്പിയും ധരിച്ചാണ് പ്രധാനമന്ത്രി ക്ഷേത്ര ദർശനത്തിന് എത്തിയത്. മോദി ഈ ചിത്രം ട്വീറ്റും ചെയ്തു. ഹിമാചൽ പ്രദേശിൽ അടുത്ത മാസമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഗൗരികുണ്ഡ് മുതൽ കേദാർ നാഥ് ക്ഷേത്രം വരെയുള്ള റോപ് വേ നിർമ്മാണത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. 2,400 കോടി രൂപ ചെലവഴിച്ചാണ് റോപ്പ് വേ നിർമ്മിക്കുന്നത്. രാവിലെ ബദരീനാഥ് ക്ഷേത്രത്തിലും മോദി പ്രാർത്ഥനയും പൂജയും നടത്തി. രണ്ടിടങ്ങളിലെയും വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. നാളെയും സംസ്ഥാനത്തെ വിവിധ പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. ദീപോത്സവ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച അയോധ്യയിലെത്തും. 3,400 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ തുടക്കം കുറിക്കും.