തന്റെ മരണത്തിനുവേണ്ടി ചിലര്‍ പരസ്യമായി ആശംസകള്‍ അറിയിച്ചു, ആളുകൾ എത്ര അധഃപതിക്കുന്നു'; പ്രധാനമന്ത്രി

വാരാണസി: തന്റെ മരണത്തിനു വേണ്ടി രാഷ്ട്രീയ എതിരാളികൾ കാശിയില്‍ പ്രാര്‍ഥനകള്‍ നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ എതിരാളികള്‍ എത്രത്തോളം അധഃപതിച്ചുവെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാരണാസിയില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ ആയിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം.

തന്റെ മരണത്തിനുവേണ്ടി ചിലര്‍ പരസ്യമായി ആശംസകള്‍ അറിയിച്ചു. എന്നാല്‍ തനിക്ക് ആഹ്ലാദമാണ് അനുഭവപ്പെട്ടത്. കാശിയിലെ ജനങ്ങള്‍ക്ക് താന്‍ എത്ര പ്രിയപ്പെട്ടതാണെന്ന് എതിരാളികള്‍ പോലും തിരിച്ചറിഞ്ഞു. അതിന്റെ അര്‍ഥം മരണംവരെ താന്‍ കാശിയെ ഉപേക്ഷിക്കുകയോ കാശിയിലെ ജനങ്ങള്‍ എന്നെ ഉപേക്ഷിക്കുകയോ ചെയ്യില്ല എന്നാണ്.- മോദി പറഞ്ഞു.

സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഭീകരതയോട് മൃദുസമീപനം പുലർത്തുകയാണെന്നും മോദി ആരോപിച്ചു. സമാജ്‌വാദി പാർട്ടിയുടേയും കോൺഗ്രസിന്‍റേയും ഭരണകാലത്ത് ഭീകരർ യാതൊരു ഭയവുമില്ലാതെ പ്രവർത്തിച്ചു. തീവ്രവാദികൾക്കെതിരായ കേസുകൾ പിൻവലിക്കാൻ അഖിലേഷ് യാദവ് സർക്കാർ ശ്രമിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു.

വാരണാസിയില്‍ ബിജെപി പരിപാടിയില്‍ പങ്കെടുക്കാനായി നരേന്ദ്ര മോദി എത്തിയത് ചൂണ്ടിക്കാട്ടിയപ്പോള്‍ 'ഒരു മാസം മാത്രമല്ല, രണ്ടോ മൂന്നോ മാസം അദ്ദേഹം അവിടെ തുടരട്ടെ, ആളുകള്‍ അവരുടെ അവസാന ദിനങ്ങള്‍ വാരാണസിയില്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു', എന്നായിരുന്നു അഖിലേഷിന്റെ മറുപടി. അഖിലേഷിന്റെ ഈ പ്രതികരണത്തിനെതിരെ നിരവധി ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു.

Related Posts