പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ

'ബി ജെ പി യുടെ സംസ്ഥാന സർക്കാരുകൾ ഉള്ളിടത്ത് വികസനം വേഗത്തിൽ നടപ്പാകും. അത്തരം സംസ്ഥാനങ്ങളിൽ ഇരട്ട എൻജിൻ സർക്കാരാണ് പ്രവർത്തിക്കുന്നത്'

കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്ത് ബി ജെ പി യുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി മലയാളത്തിലാണ് പ്രസംഗം തുടങ്ങിയത്. എല്ലാവർക്കും അദ്ദേഹം ഓണാശംസകൾ നേർന്നു. "ഓണത്തിന്റെ അവസരത്തിൽ എത്തിച്ചേരാൻ സാധിച്ചതിൽ അതിയായ സന്തോഷം. എല്ലാവർക്കും ഓണാശംസകൾ. കേരളം മനോഹരമായ നാടാണ്. സാംസ്കാരിക ഭംഗിയും പ്രകൃതി ഭംഗിയും കൊണ്ട് അനുഗ്രഹീതമായ നാടാണ് കേരളം. ഒരു ലക്ഷം കോടിയുടെ പദ്ധതികൾ കേരളത്തിൽ കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ നടപ്പാക്കി. ദരിദ്രരുടെയും ദളിതരുടെയും ഉന്നമനമാണ് ലക്ഷ്യം. കേരളത്തിൽ ഒരു ലക്ഷം കോടിയുടെ അടിസ്ഥാന വികസന പദ്ധതി നടപ്പാക്കി. പിഎംഎവൈ (പ്രധാനമന്ത്രി ആവാസ് യോജന) പദ്ധതി പ്രകാരം കേരളത്തിൽ രണ്ടു ലക്ഷത്തിലധികം വീടുകൾക്ക് അനുമതി നൽകി. ഒരു ലക്ഷം വീടുകൾ ഇതിനകം പൂർത്തിയാക്കി. ബി ജെ പി യുടെ സംസ്ഥാന സർക്കാരുകൾ ഉള്ളിടത്ത് വികസനം വേഗത്തിൽ നടപ്പാകും. അത്തരം സംസ്ഥാനങ്ങളിൽ ഇരട്ട എൻജിൻ സർക്കാരാണ് പ്രവർത്തിക്കുന്നത്" മോദി പറഞ്ഞു. ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമിത വിമാനവാഹിനിക്കപ്പൽ ഐ എൻ എസ് വിക്രാന്ത് രാജ്യത്തിനു സമർപ്പിക്കുന്ന പ്രധാനമന്ത്രി കൊച്ചി മെട്രോയുടെയും ദക്ഷിണ റെയിൽവേയുടെയും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിക്കും.

Related Posts