സീറോ കാർബൺ ലക്ഷ്യം 2070-ഓടെ ഇന്ത്യ പൂർത്തീകരിക്കുമെന്ന് ഗ്ലാസ്ഗോ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

2070-ഓടെ ഇന്ത്യ സീറോ കാർബൺ ലക്ഷ്യം പൂർത്തീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്കോട്ടിഷ് നഗരമായ ഗ്ലാസ്ഗോയിൽ കാലാവസ്ഥാ ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഇതുപ്രകാരം, ചൈനയേക്കാൾ പത്തു വർഷവും അമേരിക്ക, യൂറോപ്യൻ യൂണിയൻ എന്നിവയേക്കാൾ ഇരുപത് വർഷവും കൂടുതലാണ് സീറോ കാർബൺ ലക്ഷ്യത്തിലെത്താൻ ഇന്ത്യ എടുക്കുന്നത്.

അഞ്ച് പ്രതിജ്ഞകളാണ് ലോക കാലാവസ്ഥാ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഒന്നാമതായി, 2030-ഓടെ ഇന്ത്യ ഫോസിൽ ഇതര ഊർജ ശേഷി 500 ജിഗാവാട്ടിലെത്തിക്കും.

രണ്ടാമതായി, 2030-ഓടെ ഇന്ത്യ അതിന്റെ ഊർജ ആവശ്യകതയുടെ 50 ശതമാനം പുനരുപയോഗ ഊർജ സ്രോതസ്സുകൾ വഴി നിറവേറ്റും. മൂന്നാമതായി, ഇപ്പോൾ മുതൽ 2030 വരെ മൊത്തം കാർബൺ ബഹിർഗമനം ഒരു ബില്യൺ ടൺ കുറയ്ക്കും. നാലാമതായി, സമ്പദ്‌വ്യവസ്ഥയുടെ കാർബൺ തീവ്രത 2030-ഓടെ 45 ശതമാനത്തിൽ താഴെയായി കുറയ്ക്കും. അഞ്ചാമതായി, 2070-ഓടെ ഇന്ത്യ നെറ്റ് സീറോ കാർബൺ ലക്ഷ്യം കൈവരിക്കും.

കാലാവസ്ഥാ വ്യതിയാനത്തെ ഫലപ്രദമായി ചെറുക്കാനുള്ള പ്രായോഗിക പ്രവർത്തനങ്ങളിലെ സുപ്രധാനമായ നാഴികക്കല്ലായാണ് നെറ്റ് സീറോയെ കണക്കാക്കുന്നത്. ഭൂഗോളത്തിന്റെ താപനില അപകടകരമായ വിധത്തിൽ ഉയർത്തുന്ന ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം തുടരുകയും, അതേസമയം അന്തരീക്ഷത്തിൽനിന്ന് തത്തുല്യമായ അളവിൽ കാർബൺ ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്ന സന്തുലിതാവസ്ഥയെയാണ് അത് സൂചിപ്പിക്കുന്നത്. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും മൂലമുള്ള വിനാശകരമായ പ്രത്യാഘാതങ്ങളെ വിജയകരമായി നേരിടുന്നതിനുള്ള നിർണായക നടപടിയായാണ് ശാസ്ത്രലോകം 'നെറ്റ് സീറോ' ലക്ഷ്യങ്ങളെ കാണുന്നത്. നിലവിൽ ചൈനയ്ക്കും അമേരിക്കയ്ക്കും പിന്നാലെ ലോകത്ത് ഏറ്റവുമധികം ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.

Related Posts