സീറ്റ് ബെൽറ്റ് വിവാദം; പ്രധാനമന്ത്രി ഋഷി സുനക്കിനു പിഴ ചുമത്തി ബ്രിട്ടീഷ് പോലീസ്
ലണ്ടൻ: യാത്രയ്ക്കിടെ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനു ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിനു പിഴ ചുമത്തി ബ്രിട്ടീഷ് പോലീസ്. പുതിയ ലെവൽ-അപ്പ് പ്രചാരണത്തെക്കുറിച്ച് ഋഷി സുനക് തന്നെ ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ അദ്ദേഹം സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. വീഡിയോ വൈറലായതോടെ പോലീസ് പ്രധാനമന്ത്രിക്ക് പിഴ ചുമത്തുകയായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന്‍റെ പേരിൽ ഋഷി സുനക് നേരത്തെ വിമർശനമേറ്റ് വാങ്ങിയിരുന്നു. വടക്കൻ ഇംഗ്ലണ്ടിലെ ലങ്കാഷെയറിലേക്ക് പോകെയാണ് ഋഷി സുനക് സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്തത്. കാറിന്‍റെ പിൻസീറ്റിൽ യാത്ര ചെയ്യുകയായിരുന്ന ഋഷി സുനക് സീറ്റ് ബെൽറ്റ് ഊരി വീഡിയോ ഷൂട്ട് ചെയ്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ബ്രിട്ടീഷ് പോലീസ് പ്രധാനമന്ത്രിക്ക് പിഴ ചുമത്തി. സംഭവത്തിൽ ഋഷി സുനക് ഖേദം പ്രകടിപ്പിച്ചു. പിഴയടയ്ക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പോലീസ്, അഗ്നിശമന സേന, രക്ഷാ പ്രവര്‍ത്തനങ്ങള്‍, സെർട്ടിഫൈ ചെയ്ത ചില ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ ഒഴികെ എല്ലാവരും യാത്ര ചെയ്യുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കണമെന്നത് ബ്രിട്ടനിലെ കർശന നിയമമാണ്. സീറ്റ് ബെൽറ്റ് ധരിക്കാത്തതിനു 100 പൗണ്ട് (ഏകദേശം 10,000 ഇന്ത്യൻ രൂപ) ആണ് പിഴ. കേസ് കോടതിയിൽ എത്തിയാൽ അത് 500 പൗണ്ടായി ഉയരും.