പ്രധാനമന്ത്രി നാളെ കേരളത്തിലെത്തും;കൊച്ചി മെട്രോയുടെ അഞ്ചാം റീച്ച് രാജ്യത്തിന് സമർപ്പിക്കും
കൊച്ചി: കൊച്ചി മെട്രോയുടെ പേട്ട-എസ്.എൻ. ജംഗ്ഷൻ റീച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ (വ്യാഴാഴ്ച) ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് സിയാൽ കൺവെൻഷൻ സെന്‍ററിലാണ് ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചടങ്ങിൽ പങ്കെടുക്കും. രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി മെട്രോയുടെ അഞ്ചാമത്തെ റീച്ച് രാജ്യത്തിന് സമർപ്പിക്കും. മുൻപ് കൊച്ചി മെട്രോയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തതും മോദിയായിരുന്നു. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്. സിയാൽ കൺവെൻഷൻ സെന്‍ററിലാണ് ഇത്തവണ ചടങ്ങ് നടക്കുക. കൊച്ചി മെട്രോ നാളെ പേട്ട മുതൽ തൃപ്പൂണിത്തുറ രാജനഗരി വരെ സർവീസ് നടത്തും. പേട്ടയിൽ നിന്ന് 1.8 കിലോമീറ്റർ ദൂരമാണ് എസ്.എൻ. ജംഗ്ഷനിലേക്കുള്ളത്. ഈ റീച്ചിന്‍റെ ഉദ്ഘാടനത്തോടെ മെട്രോ തൃപ്പൂണിത്തുറ നഗരത്തിലേക്കെത്തും.