മോഷണം ആരോപിച്ച് പ്രാകൃത ശിക്ഷ; 4 പേരുടെ കൈവെട്ടി താലിബാന്‍

കാണ്ഡഹാര്‍: മോഷണക്കുറ്റം ആരോപിച്ച് 4 പേരുടെ കൈവെട്ടി താലിബാൻ. ഫുട്ബോൾ സ്റ്റേഡിയത്തിൽ പൊതുജനങ്ങൾക്ക് മുന്നിൽ വച്ചാണ് ശിക്ഷ നടപ്പാക്കിയത്. യുകെയിലെ അഫ്ഗാൻ പുനരധിവാസ മന്ത്രാലയത്തിന്റെയും അഭയാര്‍ത്ഥി വകുപ്പ് മന്ത്രിയുടേയും ഉപദേശകയായിരുന്ന ഷബ്നം നസീമിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. നീതിയുക്തമായ വിചാരണ പോലും നടത്താതെയാണ് ശിക്ഷ നടപ്പാക്കുന്നതെന്ന് അവർ ആരോപിച്ചു. ആഗോള തലത്തിൽ എതിർപ്പുയരുമ്പോഴും തൂക്കിലേറ്റുന്നതും ചാട്ടവാറിന് അടിക്കുന്നതും ഉൾപ്പെടെയുള്ള ശിക്ഷാനടപടികളുമായി താലിബാൻ മുന്നോട്ട് പോവുകയാണ്. ഇത്തരം ശിക്ഷകളിൽ ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരം ശിക്ഷാ രീതികൾ എത്രയും വേഗം നിർത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. അതേസമയം, കവർച്ചയ്ക്കും പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനും താലിബാൻ ഒമ്പത് പേരെ പരസ്യമായി ശിക്ഷിച്ചതായി റിപ്പോർട്ടുണ്ട്. അഹമ്മദ് ഷാഹി സ്റ്റേഡിയത്തിൽ ഒമ്പത് പേരെ ചാട്ടവാറടിക്ക് വിധേയമാക്കിയെന്നാണ് റിപ്പോർട്ട്. സുപ്രീം കോടതിയെ ഉദ്ധരിച്ച് അഫ്ഗാൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കാണ്ഡഹാറിൽ പ്രദേശവാസികളും പ്രാദേശിക ഭരണാധികാരികളും സംഭവത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. പ്രതികളെ 35 മുതൽ 39 തവണ വരെ ചാട്ടവാറടിക്ക് വിധേയമാക്കി.

Related Posts