ജന്മദിനത്തിൽ എഴുത്തിലെ സുൽത്താനെ അനുസ്മരിച്ച് ഗസലിൻ്റെ രാജകുമാരൻ
മലയാളികളുടെ ഹൃദയത്തിൽ മങ്ങാതെ മായാതെ എന്നെന്നും നിലകൊള്ളുന്ന മഹാനായ സാഹിത്യകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. 1908 ജനുവരി 21-ന് കോട്ടയം ജില്ലയിലെ വൈക്കം തലയോലപ്പറമ്പിലാണ് ബഷീർ ജനിച്ചത്. ബഷീറിൻ്റെ 114-ാം ജന്മദിനമാണിന്ന്.
പിറന്നാൾ ദിനത്തിൽ മലയാളിയുടെ വിശ്വസാഹിത്യകാരനെ ആദരപൂർവം ഓർക്കുകയാണ് പ്രിയപ്പെട്ട ഗസൽ പാട്ടുകാരൻ ഷഹബാസ് അമൻ. എഴുത്തും പാട്ടും തമ്മിൽ എന്ന തലക്കെട്ടിൽ സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റിലാണ് ബഷീറിയൻ സാഹിത്യത്തെയും പാട്ടിനെയും ഷഹബാസ് സ്നേഹപൂർവം സ്മരിക്കുന്നത്.
ബഷീറിന്റെ എഴുത്ത് സംഗീതം പോലെയാണെന്ന് കുറിപ്പിൽ ഷഹബാസ് പറയുന്നു. എത്ര ആവർത്തിച്ച് വായിച്ചാലും മടുക്കില്ല. ഒരു ഗാനം അങ്ങനെയായിരിക്കുന്നത് മനസ്സിലാക്കാം. പക്ഷേ, വായിക്കുമ്പോൾ ചെടിപ്പോ തിരുത്തോ തോന്നാത്ത എഴുത്ത് സാധ്യമാണോ എന്നത് ചോദ്യമാണ്.
സോജാ രാജകുമാരീ എന്ന ഗാനം പോലെ സുദീർഘമായ ആയുസ്സാണ് ബഷീറിയൻ എഴുത്തിനുമുള്ളത്. ബഷീറിന്റെ 'അനർഘ നിമിഷം' 70 വർഷം പഴക്കമുള്ള സൈഗാളിന്റെ 'ഗം ദിയേ മുഷ്തകിൽ' കേൾക്കുന്നതുപോലെ തന്നെയാണെന്ന് ഗായകൻ പറയുന്നു.
വാക്കുകൾക്കും സ്വരങ്ങൾക്കും ഒരേ ഒഴുക്കാണ്, ഒരേ ഇടത്ത് നിന്നും ഉത്ഭവിച്ച് രണ്ട് കൈവഴികളായി ഒഴുകുന്ന അടിതെളിഞ്ഞ രണ്ട് നദികൾ പോലെ. രണ്ടും ഉൾവഹിക്കുന്നുണ്ട്, അടിത്തട്ടിൽ നേരിയ മധുരവിഷാദം. എഴുത്തിന്റെ ആയുർദൈർഘ്യം നോക്കിയാൽ ബഷീർ തന്നെയാണ് ഇമ്മിണി ബല്യ ഒന്നെന്ന് മനസ്സിലാക്കാം.
ഗ്രാമഫോണിലൂടെ പാട്ട് എന്ന പോലെ, ബഷീറിൻ്റെ എഴുത്തിൽ അക്ഷരങ്ങൾ ഓരോന്നും ഒഴുകുകയാണെന്ന് ഷഹബാസ് പറയുന്നു. "യാ ബാൽഷറീഫ് " എന്ന വാക്ക് ബഷീർ എഴുതുമ്പോൾ ഒരു ദർഗാ പരിസരം അവിടെ ഉണ്ടായിക്കഴിഞ്ഞു. ചന്ദനത്തിരിയുടെ മണം അവിടെ പൊന്തിക്കഴിഞ്ഞു. ഒരു വാക്കും ബഷീർ കൃതിയിൽ വെറും വാക്കല്ല. ഓരോ ഒറ്റപ്പുള്ളിക്കുമുണ്ട് ജീവൻ. അതിനു പറ്റിയ തരത്തിലുള്ള വാക്കുകളുടെ ശ്രദ്ധാപൂർവമായ ഉപയോഗമാണ് ബഷീറിന്റെ പ്രത്യേകത.