വിവാദങ്ങൾക്ക് തുടക്കമിട്ട് ഹാരി രാജകുമാരന്റെ ആത്മകഥ; പ്രതിഷേധവുമായി താലിബാൻ

തിരുവനന്തപുരം: ഹാരി രാജകുമാരന്‍റെ ആത്മകഥയിലെ പരാമർശങ്ങൾക്കെതിരെ താലിബാൻ രംഗത്തെത്തി. ഹാരി കൊന്നവർ ചതുരംഗത്തിലെ കരുക്കൾ അല്ലെന്നും ബന്ധുക്കളും കുടുംബവുമുള്ള മനുഷ്യർ ആയിരുന്നുവെന്നും താലിബാൻ നേതാവ് അനസ് ഹഖാനി പറഞ്ഞു. ഹാരിയുടെ പുസ്തകം ബ്രിട്ടനിൽ വിവാദ കൊടുങ്കാറ്റ് ഉയർത്തിയിട്ടും രാജകുടുംബം നിശബ്ദത പാലിക്കുകയാണ്. ചാൾസ് രാജാവിന്‍റെയും ഡയാന രാജകുമാരിയുടെയും മകനായ ഹാരി 42-ാം വയസ്സിൽ 'സ്പെയർ' എന്ന തന്‍റെ പുസ്തകത്തിലൂടെ ബ്രിട്ടനിൽ വിവാദ കൊടുങ്കാറ്റ് സൃഷ്ടിച്ചു. വ്യോമസേനയിൽ പൈലറ്റായി സേവനമനുഷ്ഠിക്കുന്നതിനിടെ 25 താലിബാൻകാരെ വധിച്ചതായി ഹാരി അവകാശപ്പെടുന്നു. ഹാരിയുടെ സുരക്ഷയ്ക്ക് ഭീഷണിയാണ് ഈ പരാമർശമെന്ന് പ്രതിരോധ വിദഗ്ധർ പറഞ്ഞു. താലിബാൻ നേതാവ് അനസ് ഹഖാനി ഹാരിയുടെ പരാമർശത്തോട് രൂക്ഷമായി പ്രതികരിച്ചു. "ഹാരി, നിങ്ങൾ പച്ച മനുഷ്യരെയാണ് കൊന്നത്, ചെസ്സ് കളത്തിലെ കരുക്കളെയല്ല," താലിബാൻ നേതാവ് ട്വീറ്റ് ചെയ്തു. ഹാരിയുടെ പ്രസ്താവന രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചില മുൻ സൈനിക ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടു.

Related Posts