പൃഥ്വി-നയൻതാര ചിത്രം 'ഗോൾഡ്' ടീസർ ഇന്ന്; ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയുമായി അൽഫോൻസ് പുത്രൻ
ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം സംവിധായകൻ അൽഫോൻസ് പുത്രൻ ഒരുക്കുന്ന ഗോൾഡ് റിലീസിനൊരുങ്ങുന്നു. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. ചിത്രത്തിന്റെ ടീസർ ഇന്ന് പുറത്തുവിടുമെന്ന് സോഷ്യൽ മീഡിയയിലൂടെ അൽഫോൻസ് തന്നെയാണ് അറിയിച്ചത്.
ഏഴു വർഷത്തെ ചെറിയ ഒരു ഇടവേളയ്ക്കു ശേഷം ഞാൻ സിനിമയുമായി വരുന്നു. "ഗോൾഡ്" ടീസർ ഇന്ന് ആറ് മണിക്ക് യു ട്യൂബിൽ മാജിക് ഫ്രെയിംസ് ചാനലിൽ റിലീസ്. ഈ വെള്ളിയാഴ്ച്ച.... മാർച്ച് 25 മുതൽ "ഗോൾഡ്" ടീസർ എല്ലാ തീയേറ്ററിലും ഇറങ്ങും. നിങ്ങളുടെ എല്ലാരുടെയും പ്രാർത്ഥനയും അനുഗ്രഹങ്ങളും വേണം ! അപ്പൊ...നിങ്ങ കണ്ടിട്ട് പറ, അൽഫോൻസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
അൽഫോൻസിന്റെ മുൻ ചിത്രങ്ങളായ നേരം, പ്രേമം എന്നീ സിനിമകൾ പോലെ യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുതെന്നും അതിൽ നിന്നൊക്കെ വ്യത്യസ്തമാണ് ഗോൾഡ് എന്നും അൽഫോൻസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. 2015ൽ പുറത്തെത്തിയ 'പ്രേമ'ത്തിനുശേഷം അൽഫോൻസ് പുത്രൻ സിനിമകളൊന്നും ഒരുക്കിയിട്ടില്ല. ഫഹദ് ഫാസിലിനെ നായകനാക്കി 'പാട്ട്' എന്ന ചിത്രം കഴിഞ്ഞ വർഷാവസാനം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഈ ചിത്രത്തിലും നയൻതാരയാണ് നായിക.