സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നു, ഒരു ഇടവേള ആവശ്യമാണ്; പൃഥ്വിരാജ്
പൃഥ്വിരാജിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുജീവിതം. ചിത്രത്തിനായി വൻ മേക്കോവറാണ് താരം നടത്തുന്നത്. ഇതിനായി മാസങ്ങൾ നീണ്ട ഇടവേളയെടുത്ത് 30 കിലോയിൽ അധികം ഭാരം കുറച്ചത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ ആടുജീവിതത്തിനായി വീണ്ടും ഇടവേളയെടുക്കാൻ ഒരുങ്ങുകയാണ് താരം. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’ പൂര്‍ത്തിയാക്കിയതിന് പിന്നാലെ പങ്കുവച്ച കുറിപ്പിലാണ് ആടുജീവിതം സിനിമയ്ക്കായി ഇടവേളയെടുക്കുന്ന കാര്യം പൃഥ്വിരാജ് പറഞ്ഞത്.
ഇപ്പോൾ ചെയ്തുകൊണ്ടിരുന്ന കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ ചിത്രീകരണം പൂർത്തിയായെന്നും ആടുജീവിതത്തിന്റെ ഷൂട്ടിങ് അൾജീരിയയിൽ ഉടൻ പുനരാരംഭിക്കുമെന്നുമാണ് പൃഥ്വി കുറിച്ചത്. ആക്ഷൻ കൊറിയോഗ്രാഫർ കനല്‍ കണ്ണനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്.
പൃഥ്വിരാജിന്റെ കുറിപ്പ്
'കനല്‍ കണ്ണന്‍. സത്യം, പോക്കിരിരാജ, ഹീറോ തുടങ്ങിയ ചിത്രങ്ങള്‍. ഞാന്‍ ഏറ്റവുമധികം പ്രവര്‍ത്തിച്ചിട്ടുള്ള രാജ്യത്തെ മുന്‍നിര ആക്‌ഷന്‍ കൊറിയോഗ്രാഫര്‍മാരില്‍ ഒരാളാണ് കണ്ണന്‍ മാസ്റ്റര്‍. കടുവയ്ക്ക് വേണ്ടി അദ്ദേഹത്തോടൊപ്പം വീണ്ടും ഒന്നിച്ചതില്‍ സന്തോഷം. ആക്‌ഷന്‍ സീക്വന്‍സുകള്‍ ഷൂട്ട് ചെയ്യാനുള്ള എന്റെ ഇഷ്ടം വര്‍ധിച്ചതില്‍ തീര്‍ച്ചയായും അദ്ദേഹത്തിന് വലിയ പങ്കുണ്ട്. കടുവ എന്ന സിനിമയിലെ ആക്‌ഷന്‍ ഡിസൈന്‍ ചെയ്യാന്‍ ഷാജി ഏട്ടന്റെ കൂടെ ഒരു പങ്ക് ഞങ്ങള്‍ക്കുമുണ്ട്.
പുരോഗമിച്ചുകൊണ്ടിരുന്ന മൂന്ന് സിനിമകളുടെ ജോലി ഞാന്‍ ഔദ്യോഗികമായി പൂര്‍ത്തിയാക്കി. കടുവയും, ജനഗണമനയും, ഗോള്‍ഡും. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അവ ഓരോന്നായി നിങ്ങളിലെത്തും. ഇപ്പോഴിതാ, ഒരിക്കല്‍ കൂടി ആടുജീവിതത്തില്‍ വീണ്ടും ചേരുന്നതിന് മുമ്പ് ഞാന്‍ ഒരു ഇടവേള എടുക്കുകയാണ്, കാരണം ആ ചിത്രത്തിന് അങ്ങനെയൊരു ഇടവേള ആവശ്യമാണ്. ഞങ്ങള്‍ ഉടന്‍ തന്നെ അള്‍ജീരിയയില്‍ ഷൂട്ടിങ് പുനരാരംഭിക്കും, തുടര്‍ന്ന് ജോര്‍ദാനിലേക്ക് മാറും. ആവേശകരമായ സമയങ്ങളാണ് ഇനി എന്നും.
ആടുജീവിതത്തിനായി മുൻപ് മൂന്നു മാസത്തെ ഇടവേളയാണ് പൃഥ്വിരാജ് എടുത്തത്. ശരീരഭാരം കുറച്ച് തീരെ മെലിഞ്ഞ നിലയിലായിരുന്നു താരം. ബന്യാമിൻ എഴുതിയ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ. ജോർദ്ദാനിലെ ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് ശേഷം കൊവിഡിനെത്തുടർന്ന് ജോർദ്ദാനിൽ കുടുങ്ങിയ പൃഥ്വിരാജും സംഘവും ഏകദേശം രണ്ടര മാസത്തിനു ശേഷം 2020 ലാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്.