കെജിഎഫ് 2 തന്നെ അത്ഭുതപ്പെടുത്തിയെന്ന് പൃഥ്വിരാജ്
യഷ് നായികനായി എത്തിയ ബ്രഹ്മാണ്ഡ ചിത്രമാണ് കെജിഎഫ്. ചിത്രത്തിലെ ആദ്യ ഭാഗം വൻ വിജയമാണ് നേടിയത്. കേരളത്തിലും ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ പ്രിവ്യൂ കണ്ടശേഷമുള്ള പൃഥ്വിരാജിന്റെ പ്രതികരണമാണ് ശ്രദ്ധനേടുന്നത്. കെജിഎഫ് 2 അത്ഭുതപ്പെടുത്തി എന്നാണ് താരം പറഞ്ഞത്. കേരളത്തിൽ സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്‌ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. ഇതിന്റെ ഭാഗമായാണ് ചിത്രത്തിന്റെ പ്രിവ്യു കാണുവാൻ കെജിഎഫ് ടീം പൃഥ്വിയെ ക്ഷണിച്ചത്.
കെജിഎഫ് 2ന്റെ നിർമാതാവായ വിജയ് കിരഗണ്ടൂർ ആണ് പൃഥ്വിരാജിനൊപ്പമുള്ള ചിത്രം പങ്കുവച്ചത്. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജിനൊപ്പമുണ്ടായിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും വിജയ് ട്വിറ്ററിൽ കുറിച്ചു. ഈ കുറിപ്പ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് കെജിഎഫ് 2 നെക്കുറിച്ചുള്ള അഭിപ്രായം താരം പങ്കുവച്ചത്.
കെജിഎഫ് 2 വിൽ കണ്ടത് തന്നെ അത്ഭുതപ്പെടുത്തി എന്നാണ് താരം കുറിച്ചത്. കൂടാതെ സംവിധായകൻ പ്രശാന്ത് നീലിനേയും പ്രശംസിച്ചു. ചിത്രത്തിലൂടെ പുതിയ നിലവാരം സൃഷ്ടിക്കാൻ പ്രശാന്തിനായി എന്നാണ് താരം പറഞ്ഞത്.
1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. രണ്ടാം ഭാഗത്തിൽ കൊടും വില്ലൻ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. പ്രകാശ് രാജ്, രവീണ ടാൻഡൻ, ശ്രിനിഥി ഷെട്ടി, മാളവിക അവിനാശ്, ഈശ്വരി റാവു തുടങ്ങി വൻ താരനിരയാണ് രണ്ടാം ഭാഗത്തിൽ അണിനിരക്കുന്നത്. പ്രശാന്ത് നീൽ, ചന്ദ്രമൗലി എം, വിനയ് ശിവാംഗി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.