പൂക്കളർ ഷർട്ടിട്ട കടുവ, കടുവാക്കുന്നേൽ കുറുവച്ചന്റെ പുതിയ ഫോട്ടോ പങ്കുവെച്ച് പൃഥ്വിരാജ്
പൃഥ്വിരാജിന്റെയും ഷാജി കൈലാസിന്റെയും ആരാധക ലക്ഷങ്ങൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കടുവ. സുരേഷ് ഗോപി ചിത്രത്തിന്റെ കഥയുമായി സാമ്യമുണ്ടെന്ന വിവാദങ്ങളും കോലാഹലങ്ങളും നിയമ പ്രശ്നങ്ങളുമെല്ലാം യഥാർഥത്തിൽ പ്രതീക്ഷകളുടെയും കാത്തിരിപ്പിന്റെയും ആവേശമുയർത്തുകയായിരുന്നു. "അവർക്ക് വേണ്ടത് ഒരു പോരാട്ടമായിരുന്നു, അവൻ ഒരു യുദ്ധം തന്നെ നൽകി" എന്ന മാസ് ഡയലോഗോടെ വന്ന പോസ്റ്റർ ഇരുവരുടെയും ആരാധകർക്കിടയിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല.
കടുവാക്കുന്നേൽ കുറുവച്ചന്റെ പുതിയ ചിത്രമാണ് ഇന്ന് ആരാധകർക്കായി പൃഥ്വിരാജ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. പൂക്കളർ ഷർട്ടിട്ട കടുവ എന്ന തലക്കെട്ട് തന്നെ കിടിലനാണ്. രണ്ടു മണിക്കൂറിനുള്ളിൽ രണ്ടര ലക്ഷത്തിലേറെ ലൈക്കുകൾ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.
ജിനു എബ്രഹാമാണ് കടുവയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയാ മേനോനും ചേർന്നാണ് നിർമാണം. അഭിന്ദൻ രാമാനുജം ഛായാഗ്രഹണവും ജെയ്ക്സ് ബിജോയ് സംഗീതവും നിർവഹിക്കുന്നു.