കൊട്ടാരക്കരയിൽ പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് നിർമ്മാണ ഉദ്ഘാടനം ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവ്വഹിച്ചു

കൊട്ടാരക്കര: സംസ്ഥാനത്ത് ഗതാഗത തടസ്സം നീക്കും വിധമുള്ള റോഡ് വികസനം സാധ്യമാക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കൊട്ടാരക്കരയിൽ പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാലത്തിന് ചേരും വിധം ഉള്ള റോഡുകൾ വരുന്നതിന് വഴിയൊരുക്കും വിധമാണ് ബഡ്ജറ്റിൽ തുക അനുവദിച്ചിട്ടുള്ളത്. നിർമ്മാണ പ്രവർത്തികൾക്ക് മാസ്റ്റർ പ്ലാൻ തയ്യാറാക്കണം. ഇതുവഴി കൃത്യതയോടെ ഉള്ള നിർമ്മാണം ഉറപ്പാക്കാനാകും. കൊല്ലം ചെങ്കോട്ട പാതയ്ക്കും എം സി റോഡ് വികസനത്തിനുമായി 1500 കോടി രൂപ അനുവദിച്ചു കഴിഞ്ഞു. യാത്രാസൗകര്യം ഉറപ്പാക്കി ഉള്ള വികസനം വിഭാവനം ചെയ്യുന്നത് ഭാവി കൂടി മുന്നിൽ കണ്ടാണ്. സമയബന്ധിതമായി പ്രവർത്തികൾ പൂർത്തിയാക്കുകയാണ് പ്രധാനം. കൊട്ടാരക്കര മുനിസിപ്പാലിറ്റിക്ക് മാത്രം അഞ്ചര കോടി രൂപ നൽകിയിട്ടുണ്ട്. സമഗ്ര വികസനം ലക്ഷ്യമാക്കി ആണ് ഇത്രയും തുക നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

നഗരസഭ ചെയർമാൻ എ ഷാജു അധ്യക്ഷനായി. കെ ബി ഗണേഷ്കുമാർ എം എൽ എ, നഗരസഭാ വൈസ് ചെയർപേഴ്സൺ അനിത ഗോപകുമാർ, നഗരസഭയിലെ മറ്റു ജനപ്രതിനിധികൾ, അസിസ്റ്റന്റ് എൻജിനീയർ സാം ജോഷ്വ, രാഷ്ട്രീയ കക്ഷി നേതാക്കൾ, വ്യാപാരി സംഘടന പ്രതിനിധികൾ, ഹരിത കർമ്മ സേന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Related Posts