സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ യുഎഇ പൗരന്മാർക്ക് വിദഗ്ധ ജോലി നൽകണം: മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം
അബുദാബി: സ്വദേശിവൽക്കരണ നിയമ പ്രകാരം സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ യുഎഇ പൗരന്മാർക്ക് വിദഗ്ധ ജോലി നൽകണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. വിദഗ്ധരായ ഉദ്യോഗാർഥികളെ അവിദഗ്ധ തസ്തികകളിൽ നിയമിക്കരുതെന്നും നിർദ്ദേശം നൽകി. നിയമം അനുസരിച്ച് 50 ൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ കമ്പനികൾ 2% സ്വദേശികളെ നിയമിക്കണം. കമ്പനികൾക്ക് നൽകിയ സമയപരിധി അവസാനിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് മന്ത്രാലയത്തിന്‍റെ ഓർമ്മപ്പെടുത്തൽ. 2026 ഓടെ സ്വദേശി അനുപാതം 10% വരെ ആയി ഉയർത്താനാണ് നിർദ്ദേശം. നിയമം ലംഘിക്കുന്ന കമ്പനിക്ക് പ്രതിവർഷം 72,000 ദിർഹം പിഴ ചുമത്തും. നിശ്ചിത പരിധിയേക്കാൾ കൂടുതൽ സ്വദേശികളെ നിയമിക്കുന്ന കമ്പനികൾക്ക് തോതനുസരിച്ച് വർക്ക് പെർമിറ്റ് ഫീസ് കുറയ്ക്കുന്നതുൾപ്പെടെയുള്ള ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.