വൈദ്യുതിവകുപ്പിലെ സ്വകാര്യവൽക്കരണം; ജമ്മു കശ്മീരിൽ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക്

ജമ്മു കശ്മീരിൽ വൈദ്യുതി വികസന വകുപ്പ് സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരായ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് മൂന്നുദിവസം പിന്നിട്ടു. ഇരുപതിനായിരത്തോളം ജീവനക്കാരാണ് പണിമുടക്ക് സമരത്തിലുള്ളത്. ആസ്തികൾ സ്വകാര്യവൽക്കരിക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കുക, ദിവസവേതന ജീവനക്കാരെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് ജീവനക്കാർ പറഞ്ഞു. സമരം പിൻവലിക്കാൻ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും വൈദ്യുതി മേഖല സ്വകാര്യ കമ്പനികൾക്ക് വിൽക്കില്ലെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടില്ലെന്ന് പവർ എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി സച്ചിൻ ടിക്കൂ പറഞ്ഞു.
ലൈൻമാൻ മുതൽ സീനിയർ എൻജിനിയർമാർവരെ പണിമുടക്കിയതോടെ പല ജില്ലകളിലും വൈദ്യുതി വിതരണം മുടങ്ങുകയും ജമ്മു, ശ്രീനഗർ ഉൾപ്പെടെ പ്രധാന നഗരങ്ങളിലെല്ലാം അതിശൈത്യം കാരണം വൈദ്യുത തകറാറുണ്ടായെങ്കിലും അറ്റകുറ്റപ്പണി നടത്താനും സാധിയ്ക്കാതെവന്നു.