എന്തിന് ജനിച്ചു എന്നോർത്ത് കുട്ടിക്കാലത്ത് ഒരുപാട് വിഷമിച്ചിട്ടുണ്ട്; പിറന്നാൾ ദിനത്തിൽ വികാര നിർഭരമായ കുറിപ്പുമായി പ്രിയനന്ദനൻ
സിനിമയിൽ ഗംഭീരന്മാരായ തലതൊട്ടപ്പന്മാർ ഇല്ലാതെയും അക്കാദമികമായ പരിശീലനങ്ങൾ സിദ്ധിക്കാതെയും മികച്ച രീതിയിൽ സിനിമ ചെയ്യാം എന്ന് തെളിയിച്ച സംവിധായകനാണ് പ്രിയനന്ദനൻ. ആദ്യമായി സംവിധാനം ചെയ്ത നെയ്ത്തുകാരനിലൂടെയാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം മുരളി നേടിയത്. പുലിജന്മം മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം തന്നെ സ്വന്തമാക്കി.
നാടക രംഗത്താണ് പ്രിയനന്ദനൻ തൻ്റെ കലാ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. പ്രിയൻ വല്ലച്ചിറ എന്ന പേരിലാണ് ആദ്യം അറിയപ്പെട്ടിരുന്നത്. ഒരു ദരിദ്രകുടുംബത്തിൽ ജനിച്ച പ്രിയന് സ്കൂൾ പഠനം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഏഴാം ക്ലാസിൽ വെച്ച് പഠനം നിർത്തേണ്ടിവന്നു. കുടുംബം പുലർത്താൻ സ്വർണപ്പണിക്ക് പോയി. അത്തരത്തിൽ സഹനങ്ങളിലൂടെയും ദുരിതങ്ങളിലൂടെയും കടന്നുപോയ ജീവിതമാണ് പിൽക്കാലത്ത് സിനിമയിലൂടെ ആദരിക്കപ്പെട്ടത്.
ജന്മദിനത്തിൽ ഫേസ്ബുക്കിലിട്ട കുറിപ്പിൽ പ്രിയൻ ഓർക്കുന്നത് തൻ്റെ പഴയകാല ദുരിത ജീവിതത്തെ കുറിച്ചാണ്. കുട്ടിക്കാലത്ത് എന്തിനാണ് താൻ ജനിച്ചത് എന്നോർത്ത് ഒരുപാട് വിഷമിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. വീട്ടിൽ എന്തിനും ഏതിനും കുറ്റം തനിക്കായിരുന്നു.
ഒരു രൂപ തന്നയച്ച് അമ്പതു പൈസയുടെ രണ്ട് കെട്ട് വിറക് വാങ്ങി വരാൻ അച്ഛൻ പറയുമായിരുന്നു. അപ്പോൾ കുറച്ച് ലാഭം കിട്ടുമായിരുന്നു. ദാരിദ്യം കൊണ്ടായിരുന്നു അച്ഛൻ അങ്ങിനെ പറഞ്ഞിരുന്നത്. പക്ഷെ തനിക്കങ്ങനെ പറ്റില്ലായിരുന്നു. താൻ ഒരു രൂപയുടെ വിറക് തന്നെ വാങ്ങിക്കും.
ഇന്നും താൻ അങ്ങിനെ തന്നെയാണെന്ന് സംവിധായകൻ പറയുന്നു. ജീവിതത്തിന്റെ ലാഭങ്ങളിലും നഷ്ടങ്ങളിലും ഒരാൾക്ക് ജീവിക്കാൻ കഴിയും. കാരണം എല്ലാ കണക്ക് കൂട്ടലുകൾക്കും ഒരു നഷ്ടത്തിന്റെ കഥ പറയാനുണ്ടാകും.
ഭൂമിയിൽ ജീവിച്ച അത്രയും കാലം ഇനി ജീവിക്കാൻ കഴിയില്ലല്ലോ എന്നോർക്കുമ്പോൾ നഷ്ടബോധം തോന്നാമെങ്കിലും ഇത്രയും കാലം ജീവിക്കാൻ കഴിഞ്ഞല്ലോ എന്ന ലാഭത്തിലാണ് താൻ ആഹ്ലാദം കണ്ടെത്തുന്നതെന്നും അദ്ദേഹം കുറിക്കുന്നു.