ലോസ് ഏഞ്ചലസിലെ വീട്ടിൽ ലക്ഷ്മീപൂജ നടത്തി പ്രിയങ്കയും ജോനാസും

ലോകത്ത് എവിടെയായിരുന്നാലും ദീപാവലി ആഘോഷമാക്കാൻ നടി പ്രിയങ്ക ചോപ്ര മറക്കാറില്ല. ഇന്നലെ ലോസ് ഏഞ്ചലസിലെ വീട്ടിൽ ആചാരപൂർവം ലക്ഷ്മീപൂജ നടത്തിയതിന് ശേഷമാണ് പ്രിയങ്ക ആഘോഷങ്ങളിലേക്ക് കടന്നത്. ഭർത്താവ് നിക്ക് ജോനാസും പൂജാവേളയിൽ പ്രിയങ്കയ്ക്കൊപ്പം ഉണ്ടായിരുന്നു.

ആഘോഷങ്ങളുടെ നിറമായ മഞ്ഞയാണ് പ്രിയങ്ക ദീപാവലിക്ക് അണിഞ്ഞത്. മഞ്ഞ നിറത്തിലുള്ള സാരിയണിഞ്ഞ് പ്രിയങ്കയും തൂവെള്ള നിറത്തിൽ എംബ്രോയ്ഡറി വർക്കുചെയ്ത കുർത്തയും പൈജാമയും ധരിച്ച് നിക്ക് ജോനാസും പൂജാ കർമങ്ങളിൽ പങ്കെടുത്തു. മഹാലക്ഷ്മിയുടെ അനുഗ്രഹവും ഐശ്വര്യവും തങ്ങളുടെ കുടുംബത്തിനുണ്ടാവുമെന്ന് പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പൂജാ വേളയിൽ എടുത്ത ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. പതിമൂന്ന് ലക്ഷത്തോളം ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചത്.

വ്യത്യസ്ത മതവിഭാഗത്തിലാണെങ്കിലും തൻ്റെ വിശ്വാസങ്ങളെ ആദരിക്കുന്ന സ്വഭാവക്കാരനാണ് ഭർത്താവ് ജോനാസ് എന്ന് പ്രിയങ്ക നേരത്തേ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. എന്തു നല്ല കാര്യം ചെയ്യുന്നതിനു മുമ്പും പൂജ നടത്താൻ ജോനാസ് തന്നോട് പറയാറുണ്ട്. ലോകത്ത് എവിടെയായിരുന്നാലും ജന്മനാടിൻ്റെ സംസ്കാരമാണ് പ്രിയങ്ക പിന്തുടരുന്നതെന്ന് ആരാധകർ അഭിപ്രായപ്പെട്ടു.

Related Posts