ഉല്ലാസ നൗകയിലേറി പുതുവർഷത്തെ വരവേറ്റ് പ്രിയങ്കയും ജോനാസും
സെലിബ്രിറ്റികൾ ചെയ്യുന്നതെന്തും വാർത്തയാവാറുണ്ട്. സോഷ്യൽ മീഡിയ സജീവമായ കാലത്ത് അത്തരം വാർത്തകൾ ജനലക്ഷങ്ങളിലേക്ക് എത്തിച്ചേരാൻ നിമിഷാർധങ്ങൾ മതി. പുതുവർഷത്തെ വരവേൽക്കാൻ വിദൂര ദേശങ്ങളിലേക്കും ഭൂഖണ്ഡങ്ങളിലേക്കും പോയ സെലിബ്രിറ്റികളെപ്പറ്റി നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു.
പങ്കാളിയായ നിക് ജോനാസിനൊപ്പം ഉല്ലാസ നൗകയിൽ സഞ്ചരിക്കുന്ന പ്രിയങ്ക ചോപ്രയുടെ ചിത്രങ്ങളാണ് ഇപ്പോൾ ഇൻ്റർനെറ്റിൽ തരംഗമായിരിക്കുന്നത്. അമേരിക്കൻ ഗായകനും അഭിനേതാവും ഗാന രചയിതാവുമാണ് പ്രിയങ്ക ചോപ്രയുടെ ഭർത്താവായ നിക് ജോനാസ്.
ആദ്യ ചിത്രത്തിൽ, ഉല്ലാസ നൗകയുടെ ഡെക്കിലാണ് പ്രിയങ്കയുള്ളത്. കടും നിറത്തിലുള്ള ഷർട്ട് ധരിച്ചിരിക്കുന്ന നിക്കിൻ്റെ മടിയിൽ വിശ്രമിക്കുകയാണ് താരം. പിങ്ക് നിറത്തിലുള്ള മാക്സിയാണ് പ്രിയങ്ക അണിഞ്ഞിരിക്കുന്നത്. രണ്ടാമത്തെ ചിത്രത്തിൽ ഓറഞ്ച് ബിക്കിനിയണിഞ്ഞ് മനോഹരിയായ താരം വെയിൽ കൊള്ളുന്നതും മൂന്നാമത്തേതിൽ സൂര്യൻ്റെ വെള്ളിവെളിച്ചത്തിനു നേരെ ടോസ്റ്റ് ചെയ്യുന്നതും കാണാം. 'ഹാപ്പി ന്യൂ ഇയർ' കണ്ണട വെച്ചുള്ള ചിത്രമാണ് മറ്റൊന്ന്. നിക്കിനൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രവുമുണ്ട്. മനോഹരമായ ജക്കൂസിയുടെ ഭാഗിക കാഴ്ച നൽകുന്ന ചിത്രമടക്കം ആറ് ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പ്രിയങ്ക പങ്കുവെച്ചിരിക്കുന്നത്. രണ്ട് മണിക്കൂറിനുള്ളിൽ ഏഴര ലക്ഷത്തിലേറെ ലൈക്കുകൾ പോസ്റ്റിന് ലഭിച്ചു കഴിഞ്ഞു.