പ്രിയങ്ക ചോപ്രയ്ക്കും നിക് ജോനാസിനും കടിഞ്ഞൂൽ കുഞ്ഞ് വാടക ഗർഭധാരണത്തിലൂടെ
മുൻ ലോകസുന്ദരിയും ബോളിവുഡ് താരവുമായ പ്രിയങ്ക ചോപ്രയ്ക്കും അമേരിക്കൻ ഗായകനായ നിക് ജോനാസിനും കടിഞ്ഞൂൽ കുഞ്ഞ് പിറന്നു. വാടക ഗർഭധാരണത്തിലൂടെ തങ്ങൾക്ക് കുഞ്ഞ് പിറന്നതായി ദമ്പതികൾ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെയാണ് അറിയിച്ചത്.
ഒരു സ്ത്രീ തൻ്റെ ഗർഭപാത്രം ഗർഭധാരണത്തിനും പ്രസവത്തിനുമായി വാടകയ്ക്ക് നൽകുന്നതു വഴി കുട്ടികളില്ലാത്ത വ്യക്തികൾക്കോ ദമ്പതിമാർക്കോ കുട്ടികളുണ്ടാവാൻ സൗകര്യമൊരുക്കുന്ന സമ്പ്രദായമാണ് സറഗസി അഥവാ വാടക ഗർഭധാരണം. ഗർഭപാത്രം നൽകുന്ന സ്ത്രീയെ സറഗേറ്റ് അഥവാ മറ്റമ്മ എന്നാണ് വിളിക്കുന്നത്. മുമ്പൊക്കെ കൃത്രിമ ബീജസങ്കലനം അനിവാര്യമായ സന്ദർഭത്തിൽ മാത്രമാണ് സറഗസിയെ ആശ്രയിച്ചിരുന്നതെങ്കിൽ പുതിയ കാലത്ത് ഗർഭധാരണത്തിൻ്റെ പ്രയാസങ്ങളും പേറ്റുനോവും മറ്റും ഒഴിവാക്കാനായി നിരവധി പേർ ഈ മാർഗം അവലംബിക്കുന്നുണ്ട്.
സറഗേറ്റിലൂടെ ഒരു കുഞ്ഞ് പിറന്നെന്നും തങ്ങൾ അതീവ സന്തുഷ്ടരാണെന്നും പ്രിയങ്കയും നിക്കും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. കുടുംബത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ സന്ദർഭത്തിൽ തങ്ങളുടെ സ്വകാര്യതയെ എല്ലാവരും മാനിക്കണമെന്ന് കുറിപ്പിൽ പറയുന്നു.