പ്രിയങ്ക ഗാന്ധി അറസ്റ്റിൽ

ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ പോകുന്നതിനിടെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അറസ്റ്റിലായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഇന്നലെ വൈകീട്ടാണ് ലഖ്നൗ വിമാനത്താവളത്തിൽ പ്രിയങ്ക എത്തിയത്. ലഖിംപുർ ഖേരിയിലേക്കുള്ള യാത്രയിൽ പലയിടത്തും അവരെ തടഞ്ഞതായി പറയപ്പെടുന്നു. പൊലീസ് ഉദ്യോഗസ്ഥരുമായി പ്രിയങ്ക കയർത്തു സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ബി ജെ പി യിൽ നിന്ന് എന്ത് പ്രതീക്ഷിച്ചിരുന്നോ, ഒടുവിൽ അതു തന്നെ സംഭവിച്ചു എന്നാണ് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റെ ബി വി ശ്രീനിവാസ് ട്വീറ്റ് ചെയ്തത്. ഗാന്ധിജിയുടെ ജനാധിപത്യ രാഷ്ട്രത്തിൽ ഗോഡ്സെയുടെ ആരാധകർ തങ്ങളുടെ നേതാവിനെ അറസ്റ്റുചെയ്തു. കനത്ത മഴയെയും പൊലീസ് സേനയെയും വകവെയ്ക്കാതെ രാജ്യത്തിന്റെഅന്നദാതാക്കളെ കാണാനാണ് പ്രിയങ്ക അങ്ങോട്ടു പോയത്. ഇത് പോരാട്ടത്തിന്റെ തുടക്കമാണെന്നും കർഷക സമരം വിജയിക്കട്ടേ എന്നും പറഞ്ഞുകൊണ്ടാണ് ട്വീറ്റ് അവസാനിക്കുന്നത്. സീതാപുർ പൊലീസ് സ്റ്റേഷനിലേക്കാണ് പ്രിയങ്കയെ കൊണ്ടുപോയതെന്ന് റിപ്പോർട്ടുകളുണ്ട്. കോൺഗ്രസ് പ്രവർത്തകരോട് പൊലീസ് സ്റ്റേഷനിലെത്താൻ ശ്രീനിവാസ് ആവശ്യപ്പെട്ടു.

ലഖിംപുർ ഖേരിയിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ എട്ട് പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ നാലുപേർ കർഷകരാണ്. കൊല്ലപ്പെട്ട കർഷകരിൽ ഒരാൾ വെടിയേറ്റാണ് മരിച്ചതെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ തേനിയുടെ മകനാണ് വെടിയുതിർത്തതെന്നും കർഷകർ ആരോപിക്കുന്നു. മന്ത്രിയുടെ മകന്റെ കോൺവോയ് വാഹനങ്ങൾ ഇടിച്ചാണ് മറ്റു മൂന്നുപേരും കൊല്ലപ്പെട്ടത്. എന്നാൽ സംഭവ സ്ഥലത്ത് മകൻ ഉണ്ടായിരുന്നില്ലെന്നും കർഷകർക്കിടയിൽ നുഴഞ്ഞു കയറിയ ആളുകളാണ് സംഘർഷത്തിന് തുടക്കം കുറിച്ചതെന്നും മന്ത്രി ആരോപിച്ചു. അക്രമികൾ തങ്ങളുടെ വാഹനങ്ങൾക്കു നേരെ കല്ലെറിഞ്ഞെന്നും തുടർന്നാണ് സംഘർഷം ഉണ്ടായതെന്നുമാണ് മന്ത്രി പറയുന്നത്.

Related Posts