ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റ് സ്ത്രീകൾക്ക് നൽകുമെന്ന് പ്രിയങ്ക ഗാന്ധി

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റുകളിൽ സ്ത്രീകളെ മത്സരിപ്പിക്കുമെന്ന് പ്രിയങ്കാ ഗാന്ധി. ലക്നൗവിൽ ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത വിധത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർധിപ്പിക്കുമെന്ന് പാർട്ടി പ്രഖ്യാപിക്കുന്നത്.
ഉന്നാവിൽ തീവെച്ച് കൊലപ്പെടുത്തിയ പെൺകുട്ടിക്കും ഹത്രാസിൽ പീഡനത്തിനിരയായ പെൺകുട്ടിക്കും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാൻ ആഗ്രഹം പ്രകടിപ്പിച്ച ലഖിംപുർ ഖേരിയിലെ പെൺകുട്ടിക്കും വേണ്ടിയാണ് പാർട്ടി ഈ തീരുമാനം കൈക്കൊണ്ടതെന്ന് പ്രിയങ്ക പറഞ്ഞു. ഉത്തർപ്രദേശിന്റെ പുരോഗതി ആഗ്രഹിക്കുന്ന മുഴുവൻ സ്ത്രീകൾക്കും വേണ്ടിയാണ് ഇത്തരമൊരു തീരുമാനം നടപ്പിലാക്കുന്നത്.